എഎഫ്ഡിക്ക് ഇരട്ട നേതൃത്വം
Monday, December 4, 2017 12:11 PM IST
ബെർലിൻ: തീവ്രവലതുപക്ഷ പ്രസ്ഥാനമായ ഓൾട്ടർനേറ്റിവ് ഫോർ ജർമനി (എഎഫ്ഡി) പുതിയ നേതാക്കളായി അലക്സാൻഡർ ഗോലാൻഡിനെയും ജോർജ് മ്യൂത്തെനെയും തെരഞ്ഞെടുത്തു. പാർട്ടിയുടെ അഭയാർഥി വിരുദ്ധ, ഇസ്ലാം വിരുദ്ധ ആശയങ്ങൾക്കെതിരേ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പ്രകടനം നടക്കുന്നതിനിടെയായിരുന്നു തെരഞ്ഞെടുപ്പ്.

കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 13 ശതമാനം വോട്ട് നേടി നൂറോളം സീറ്റുകൾ അവർ സ്വന്തമാക്കിയിരുന്നു. എന്നാൽ, ഇതിനു പിന്നാലെ ഫ്രോക്ക് പെട്രി പാർട്ടി നേതൃത്വം ഒഴിയുകയും പാർട്ടിയിൽനിന്നു രാജിവയ്ക്കുകയും ചെയ്തത് തിരിച്ചടിയായി. ഇപ്പോൾ അറുനൂറോളം പ്രതിനിധികൾ പങ്കെടുത്ത ദ്വിദിന കോണ്‍ഗ്രസിലാണ് പുതിയ നേതാക്കളെ തെരഞ്ഞെടുത്തത്.

പാർട്ടിയിലെ തീവ്ര ദേശീയവാദികളും മിതവാദികളും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് പെട്രിയെ പുറത്തേക്കു നയിച്ചത്. പുതിയ നേതാക്കൾ തീവ്ര ദേശീയതയുടെ തന്നെ വക്താക്കളാണ്. നിലവിൽ നേതൃത്വത്തിലുണ്ടായിരുന്ന മ്യൂത്തെൻ 72 ശതമാനം പേരുടെ പിന്തുണയോടെ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മിതവാദി നേതാവ് ജോർജ് പാസ്ഡെർസ്കി പരാജയപ്പെട്ടു. 68 ശതമാനം വോട്ടോടെയാണ് ഗോലാൻഡ് വിജയിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 94 അംഗങ്ങളെ പാർലമെന്‍റിൽ എത്തിച്ച എഎഫ്ഡി നാലു വർഷം മുന്പാണ് പാർട്ടിയായി രൂപംകൊണ്ടത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ