ഷൂൾസ് രാജി ഭീഷണി മുഴക്കിയെന്ന് അഭ്യൂഹം
Friday, November 24, 2017 11:58 AM IST
ബെർലിൻ: സിഡിയുവുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ സമ്മർദം ശക്തമായതോടെ എസ്പിഡി നേതാവ് മാർട്ടിൻ ഷൂൾസ് പാർട്ടി നേതൃസ്ഥാനം രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കിയെന്ന് സൂചന.

ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റീൻമെയർ അടക്കമുള്ള മുതിർന്ന നേതാക്കൾ സിഡിയുവുമായി സഖ്യത്തിന് എസ്പിഡി നേതൃത്വത്തെ പ്രേരിപ്പിക്കുകയാണ്. എന്നാൽ, ജനവിധി എതിരായതിനാൽ പ്രതിപക്ഷത്തിരിക്കും എന്ന നിലപാടിൽ മാറ്റം വരുത്താൻ ഷൂൾസ് സന്നദ്ധനായിട്ടില്ല.

രാജ്യതാത്പര്യം മുൻനിർത്തി, ഭരണ പ്രതിസന്ധി ഒഴിവാക്കാൻ എസ്പിഡി വിശാല മുന്നണി സർക്കാരിൽ പങ്കാളികളാകണമെന്ന ആവശ്യം അദ്ദേഹത്തിനു സ്വീകര്യമായിട്ടില്ല.

മുൻ സർക്കാരിൽ വൈസ് ചാൻസലറായിരുന്ന സിഗ്മർ ഗബ്രിയേലിനും മന്ത്രിസഭയിൽ ചേരാൻ താത്പര്യമില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുൻപ് ഗബ്രിയേൽ തന്നെയാണ് സ്വയം പാർട്ടി നേതൃത്വം ഒഴിഞ്ഞ് ഷൂൾസിനെ രംഗത്തിറക്കിയത്.

എന്നാൽ സാഹചര്യസമ്മർദ്ദത്തിന്‍റെ പേരിൽ ഒടുവിൽ ഷുൾസ് ചർച്ചയ്ക്കു തയാറായതായാണ് ഏറ്റവും ഒടുവിലത്തെ മാധ്യമ റിപ്പോർട്ടുകൾ. ചർച്ചകളിൽ സമവായം കണ്ടെത്തിയാൽ പുതിയ മുന്നണി അടുത്ത വാരത്തിൽ അധികാരത്തിലേറുമെന്നും റിപ്പോർട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ