സ്വർഗരാജ്യത്തെ ലക്ഷ്യമാക്കി തീർഥാടനം ചെയ്യുന്നവരുടെ സമൂഹമാണ് തിരുസഭ: മാർ ജോസഫ് സ്രാന്പിക്കൽ
Tuesday, November 21, 2017 6:35 AM IST
ന്യൂടൗണ്‍ (വെയിൽസ്): എല്ലാ ക്രിസ്ത്യാനികളുടെയും പൗരത്വം സ്വർഗത്തിൽ ആണെന്നും അതിനാൽ സ്വർഗത്തെ ലക്ഷ്യമാക്കിയാണ് നാമോരോരുത്തരും യാത്ര ചെയ്യേണ്ടതെന്നും ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ സ്രാന്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അടുത്ത അഞ്ചു വർഷത്തേക്കുള്ള അജപാലന പദ്ധതികൾക്ക് രൂപം നൽകാനും കർമ്മ പദ്ധതികൾ ആവിഷ്കരിക്കാനുമായി സമ്മേളിക്കുന്ന ത്രിദിന ആലോചനാ യോഗം തിങ്കളാഴ്ച മിഡ് വെയിൽസിലെ കഫൻലി പാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്ത്യാനികളുടെ നല്ല ജീവിതത്തിന്‍റെ മാതൃക കണ്ട്, ഇവർ സ്വർഗരാജ്യത്തെ പ്രതിഫലിപ്പിക്കുന്നവരായി മറ്റുള്ളവർക്ക് തോന്നാൻ ഇടയാകണമെന്നും മാർ സ്രാന്പിക്കൽ വിശ്വാസികളെ ഓർമിപ്പിച്ചു.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അടുത്ത അഞ്ചു വർഷത്തേയ്ക്കുള്ള പ്രവർത്തനങ്ങളുടെ മാർഗ രേഖയായ living stones, അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങൾ, ക്ലാസുകൾ, ചർച്ചകൾ എന്നിവ നടക്കും.

റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ചെറിയാൻ വാരികാട്ട്, റവ. ഡോ. മാർട്ടിൻ കല്ലുങ്കൽ, ഫാ.അരുണ്‍ കലമറ്റത്തിൽ എന്നിവർ ക്ലാസുകൾ നയിക്കും. വികാരി ജനറൽമാരായ റവ. ഡോ. തോമസ് പാറയടിയിൽ, റവ. ഡോ.മാത്യു ചൂരപൊയ്കയിൽ, ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, ഫാ. ഫാൻസുവ പത്തിൽ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകുന്നു. സമ്മേളനത്തിൽ മുപ്പത്തഞ്ചിൽപരം വൈദികരും രൂപതയിലെ 174 കുർബാന സെന്‍ററിൽ നിന്നുള്ള പ്രതിനിധികളും വിവിധ സന്യസ്ത, സംഘടനാ പ്രതിനിധികളും സംബന്ധിക്കുന്നുണ്ട്. സമ്മേളനം നാളെ ഉച്ചക്ക് സമാപിക്കും.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്