ഭരണ പ്രതിസന്ധിയിൽ പ്രസിഡന്‍റ് ഇടപെട്ടു; പുതിയ തെരഞ്ഞെടുപ്പിനെ നേരിടാൻ തയാറെന്ന് മെർക്കൽ
Monday, November 20, 2017 10:43 AM IST
ബെർലിൻ: ജർമൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിനുശേഷം ഭരിക്കാൻ ഭൂരിപക്ഷമില്ലാത്തത്തിന്‍റെ പേരിൽ ആംഗല മെർക്കൽ പുതിയതായി ഉണ്ടാക്കിയ ജെമൈക്ക മുന്നണിയിൽനിന്നും എഫ്ഡിപി പിൻമാറിയതോടെ മെർക്കലും പാർട്ടിയും ത്രിശങ്കുസ്വർഗത്തിലായി.

രാപകലില്ലാതെ നടത്തിയ മാരത്തോണ്‍ ചർച്ചയ്ക്ക് വിരാമമിട്ടുകൊണ്ട് ഞായറാഴ്ച അർദ്ധരാത്രിയിൽ എഫ്ഡിപി ചെർയർമാൻ ക്രിസ്റ്റ്യൻ ലിൻഡ്നർ പത്രമാധ്യമങ്ങളെ കണ്ടതോടെയാണ് മെർക്കൽ പ്രതിസന്ധിയിലായത്. മോശമായി ഭരിക്കുന്നതിലും നല്ലത് ഭരിക്കാതിരിക്കുന്നതാണെന്നാണ് പാർട്ടി ചെയർമാൻ ക്രിസ്റ്റ്യൻ ലിൻഡ്നർ മാധ്യമങ്ങളോടു പറഞ്ഞത്. സിഡിയുവും എഫ്ഡിപിയും ഗ്രീൻ പാർട്ടിയും ഉൾപ്പെടുന്ന ജമൈക്ക മുന്നണി രൂപീകരിക്കാനുള്ള ചർച്ചകളിൽ നിന്ന് എഫ്ഡിപി പിൻമാറിയെന്നും ലിൻഡനർ അറിയിച്ചു. ഇതോടെ ജർമനിയിൽ സഖ്യകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ശ്രമം പരാജയപ്പെടുകയും ചെയ്തു.

മെർക്കലിന്‍റെ മുന്നണി ചർച്ച പരാജയപ്പെട്ടതോടെ അവസാന രാഷ്ട്രീയ സംഭവവികാസങ്ങൾ വിശദീകരിക്കാൻ മെർക്കൽ ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയറുമായി കൂടിക്കണ്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലായിരുന്നു അരമണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ച.

ഇതിനുശേഷം സ്റ്റൈൻമയർ മാധ്യമ സമ്മേളനവും നടത്തി. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ സമ്മതിദാനം ലഭിച്ച രാഷ്ട്രീയ പാർട്ടികൾ ഗൗരവപൂർവം കാര്യങ്ങൾ ഗ്രഹിച്ച് ഒരു സർക്കാർ രൂപീകരിക്കാനുള്ള തങ്ങളുടെ ഉത്തരവാദിത്വം സ്വീകരിക്കണമെന്ന് പ്രസിഡന്‍റ് പാർട്ടികളെ ഓർമിപ്പിച്ചു. ഇതനുസരിച്ച് രാഷ്ട്രീയ കക്ഷികൾ പിടിവാശിയുപേക്ഷിച്ച് ഒരു സർക്കാരുണ്ടാക്കാനുള്ള സാഹചര്യം രാജ്യത്തുണ്ടാക്കണമെന്ന് പ്രസിഡന്‍റ് സ്റ്റൈൻമയർ നിർദ്ദേശിച്ചു.

അതും ഏറ്റവും അടുത്ത ദിവസങ്ങളിൽ ഉണ്ടാകണമെന്നും പ്രസിഡന്‍റ് അഭ്യർത്ഥിച്ചു. ജർമനിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഭരണ പ്രതിസന്ധി നേരിട്ടിരിക്കുന്നതെന്ന വിശേഷണത്തോടെയാണ് സ്റ്റൈൻമയർ പത്രസമ്മേളനം ആരംഭിച്ചത്.

ഫെഡറൽ പ്രസിഡന്‍റയായി അധികാരത്തിലിരിക്കുന്ന ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർഎസ്പിഡി നോമിനിയായിട്ടാണ് പ്രസിന്‍റ് പദത്തിലെത്തിയത്. എന്നാൽ ഭരണ പ്രതിസന്ധിയുണ്ടായ ഈ ഘട്ടത്തിൽ അദ്ദേഹം എസ്പിഡിയേയും വിമർശിച്ചു. ഇത്തരമൊരു സ്പഷ്ടമായ സാഹചര്യത്തിൽ, വിശേഷിച്ചും സ്വന്തം പാർട്ടിക്കെതിരെയുള്ള പരാമർശനം പാർട്ടി നേതൃത്വത്തെ പുനർചിന്തിയപ്പിയ്ക്കാൻ ഇടയുണ്ട്.പുതിയൊരു തെരഞ്ഞെടുപ്പിനുള്ള സാഹചര്യം പൂർണമായും ഒഴിവാക്കണമെന്നുള്ള അഭ്യർഥനകൂടിയാണ് സ്റ്റൈൻമയറുടെ ഹ്രസ്വമായ മാദ്ധ്യമ കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞത്.സെപ്റ്റംബർ 24 നാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടന്ന രണ്ടു മാസങ്ങൾക്കുള്ളിൽ പുതിയ മന്ത്രിസഭ അധികാരമേൽണമെന്നാണ് ഭരണഘടന പറയുന്നത്. ഇതാണിപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. എന്നാൽ ജർമൻ പാലമെന്‍റ് കൂടി പുതിയ സ്പീക്കറേയും തെരഞ്ഞെടുത്തിരുന്നു. എന്നാൽ ഒരു മൈനോരിറ്റി സർക്കാർ വരുന്നതിനെയും പ്രസിഡന്‍റ് വിമർശിച്ചു.ഭൂരിപക്ഷമുള്ള ഒരുറച്ച സർക്കാർ രൂപീകരിയ്ക്കാനാണ് പ്രസിഡന്‍റിന്‍റെ വാക്കുകൾ് ലക്ഷ്യമാക്കുന്നത്. അതുതന്നെയുമല്ല പാർലമെന്‍റ് അധോസഭയിലെ പ്രമുഖരുമായും ഉപരിസഭയിലെ പ്രസിഡന്‍റുമായും രാഷ്ട്രീയ പാർട്ടികൾ ആശയവിനിമയം നടത്തി ധാരണയിലെത്തണമെന്നും പ്രസിഡന്‍റ് അഭ്യർഥിച്ചു.

എന്നാൽ മെർക്കലിന്‍റെ പ്രസിഡന്‍റുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വൈകുന്നേരം എആർഡി ചാനലിന് നൽകിയ അഭിമുഖത്തിൽ പുതിയ തെരഞ്ഞെടുപ്പനെ നേരിടാൻ തയാറാണെന്നും അവർ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെ:

ഞായറാഴ്ച വൈകിട്ട് ആറു മണിക്കുള്ളിൽ ചർച്ച പൂർത്തിയാക്കണമെന്നായിരുന്നു എഫ്ഡിപിയുടെ ആവശ്യം. അതിനു ശേഷവും ചർച്ച തുടർന്നെങ്കിലും തീരുമാനത്തിലെത്തിയില്ല. തെറ്റായി ഭരിക്കുന്നതിലും നല്ലത് ഭരിക്കാതിരിക്കുന്നതാണെന്ന് പ്രഖ്യാപിച്ചാണ് എഫ്ഡിപി നേതാവ് ക്രിസ്റ്റ്യൻ ലിൻഡ്നർ ചർച്ചയിൽ നിന്നു പിൻമാറുന്നതായി അറിയിച്ചത്.

സഖ്യ ചർച്ചകൾ പൂർത്തിയാക്കാൻ നിശ്ചയിച്ചിരുന്ന നവംബർ 19 വൈകുന്നേരം ആറു മണി എന്ന സമയ പരിധി പിന്നിട്ടിട്ടും ധാരണയായില്ലെങ്കിലും ചർച്ച തുടരുമെന്നായിരുന്നു ആദ്യ സൂചന. എഫ്ഡിപിയാണ് ഈ മാസം 19 നുള്ളിൽ ചർച്ച പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കുടിയേറ്റം, കാലാവസ്ഥ, യൂറോപ്യൻ യൂണിയൻ എന്നീ നിർണായക വിഷയങ്ങളിൽ ധാരണയാകാത്ത സാഹചര്യത്തിൽ ചർച്ചയ്ക്ക് കൂടുതൽ സമയമെടുക്കാമെന്ന് അവർ സമ്മതിച്ചിരുന്നു എന്നും വാർത്ത പ്രചരിച്ചിരുന്നു.

സിഡിയു നേതാവും ചാൻസലറുമായ ആംഗല മെർക്കൽ, സിഎസ്യു നേതാവും ബവേറിയൻ പ്രീമിയറുമായ ഹോഴ്സ്റ്റ് സീഹോഫറുടെ സഹായത്തോടെ ഗ്രീൻ പാർട്ടിയുമായി പ്രത്യേകം ഒത്തുതീർപ്പ് ചർച്ചയും നടത്തി.

എന്നാൽ, സമയപരിധി നീട്ടിയതായി എഫ്ഡിപി ഒൗദ്യോഗികമായി സമ്മതിച്ചിരുന്നില്ല. ഒടുവിൽ പിൻമാറുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ചർച്ച പൂർണമായി പരാജയപ്പെട്ടത് ജർമനിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നുള്ള കണക്കുകൂട്ടലിൽ ളത്തി നിൽക്കെയാണ് മെർക്കൽ ഇന്ന് പ്രസിഡന്‍റുമായി കൂടിക്കണ്ടത്. കഴിഞ്ഞ സർക്കാരിൽ പങ്കാളികളായിരുന്ന എസ്പിഡി ഇക്കുറി പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതവർ വീണ്ടും ആവർത്തിക്കുകയും ചെയ്തു. തീവ്ര വലതുപക്ഷമായതിനാൽ എഎഫ്ഡിയെ കൂടെ കൂട്ടാൻ ഒരു പാർട്ടിയും തയാറുമല്ല. കഴിഞ്ഞ 12 വർഷമായി ഭരണം കൈയാളുന്ന മെർക്കൽ നാലാമൂഴത്തിലും ചാൻസലറാകുമെന്ന പ്രതീക്ഷക്ക് തൽക്കാലം മങ്ങലേറ്റിരിക്കുകയാണ്.

709 അംഗങ്ങളുള്ള പാർലമെന്‍റിൽ സിഡിയു 246, എസ്പിഡി 153, എഫ്ഡിപി. 80, ഗ്രീൻ 67, ഇടതുപക്ഷം 69, എഫ്ഡി 94 എന്നിങ്ങനെയാണ് കക്ഷിനില.

സഖ്യ ചർച്ച പൊളിയാൻ കാരണങ്ങൾ മൂന്ന്

അനന്തമായി നീണ്ട ജർമൻ സർക്കാർ രൂപീകരണ ചർച്ചകളിൽ മൂന്നു പാർട്ടികൾക്കിടയിൽ അഭിപ്രായ വ്യത്യാസം പ്രധാനമായും നിലനിന്നത് മൂന്നു വിഷയങ്ങളിൽ. കുടിയേറ്റം, കാലാവസ്ഥ, യൂറോപ്പ് എന്നിവയാണവ. സിഡിയുവും എഫ്ഡിപിയും ഗ്രീൻ പാർട്ടിയും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെടുന്നതിനു ഈ വിഷയങ്ങൾ കാരണമായി.

2015 ൽ അഭയാർഥി പ്രവാഹം ശക്തമായതു മുതൽ ജർമനിയിലെ പ്രധാന സാമൂഹിക - രാഷ്ട്രീയ പ്രശ്നമായി കുടിയേറ്റം മാറിയിരിക്കുകയാണ്. സിഡി യുവിന്‍റെ ബവേറിയൻ സഹോദര പാർട്ടിയായ സി എസ് യുവിന്‍റെ സമ്മർദം കാരണം ഇവരുടെ ബ്ലോക്ക് കുടിയേറ്റത്തിനും അഭയാർഥിത്വത്തിനും പരിധി വയ്ക്കാനാണ് നിർദേശിച്ചുന്നത്. എന്നാൽ, പരിധി പാടില്ലെന്ന നിലപാടിലാണ് ഗ്രീൻ പാർട്ടി. എഫ്ഡിപി ഇക്കാര്യത്തിൽ കടുംപിടിത്തമൊന്നും സ്വീകരിച്ചിട്ടില്ല.

കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള നടപടികളുടെ കാര്യത്തിൽ എഫ്ഡിപിയും ഗ്രീൻ പാർട്ടിയുമാണ് നേർക്കുനേർ നിന്നത്. ഗ്രീൻ പാർട്ടി പരിസ്ഥിതിവാദികളും എഫ്ഡിപി വ്യവസായ ലോബിയെ പിന്തുണയ്ക്കുന്ന പാർട്ടിയുമാണ് എന്നതാണ് ഇതിനു പ്രധാന കാരണം. രാജ്യത്തെ ഇരുപതു കൽക്കരി നിലയങ്ങൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുന്ന ഗ്രീൻ പാർട്ടി, പത്തെണ്ണം പൂട്ടാമെന്ന നിർദേശം നിരാകരിച്ചു.

യൂറോപ്യൻ യൂണിയൻ ഐക്യത്തിനും യൂണിയൻ പരിഷ്കരണത്തിനും അനുകൂലമാണ് മൂന്നു ബ്ലോക്കുകളും. എന്നാൽ, ഇതൊക്കെ എങ്ങനെയാവണമെന്ന കാര്യത്തിൽ തർക്കം നിലനിന്നു. പൊതുവായ യൂറോസോണ്‍ ബജറ്റും പൊതു ധനമന്ത്രിയും എന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ നിർദേശത്തെയാണ് ഗ്രീൻ പാർട്ടി പിന്തുണയ്ക്കുന്നത്. എന്നാൽ, ധനവിനിയോഗം പൊതുവാക്കുന്ന തരത്തിലുള്ള ഏതു നിർദേശത്തെയും എഫ്ഡിപി എതിർക്കുന്നു.

ജർമനിയിലെ ഭരണ പ്രതിസന്ധി യൂറോപ്പിന് ആശങ്ക

മെർക്കലിന്‍റെ നേതൃത്വത്തിൽ പുതിയ സഖ്യകക്ഷികളുടെ മുന്നണി ഭരണം അനിശ്ചിതത്വത്തിലായതോടെ ഫ്രാൻസും യൂറോപ്യൻ യൂണിയനും ആശങ്കയിലാണ്. ഇയുവിന്‍റെ ശക്തമായ കരങ്ങളെന്നു വിശേഷിപ്പിക്കുന്ന ജർമനിയിൽ പ്രത്യേകിച്ച് മെർക്കലിന്‍റെ ഭരണ സാരഥ്യം ജർമനിക്കു ലഭിക്കാതെ പോകുന്നതിലുള്ള ആശങ്കയാണ് യൂറോപ്യൻ യൂണിയനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോണും മെർക്കലിനെ അറിയിച്ചത്. ഏതുവിധേനയും അധികാരത്തിലെത്തി ഇയുവിനെ മുന്നോട്ടു നയിക്കണമെന്നാണ് അവരുടെ അഭിപ്രായമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ