ഗ്രേറ്റ് ബ്രിട്ടൻ രൂപത അജപാലന കർമപദ്ധതി ആലോചനായോഗം കെഫെൻലി പാർക്കിൽ
Sunday, November 19, 2017 1:37 AM IST
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അടുത്ത അഞ്ചു വർഷങ്ങളിലെ (2017- 2022) അജപാലന കർമപരിപാടികൾക്കു രൂപം നൽകുന്നതിനായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ അധ്യക്ഷതയിൽ തിങ്കളാഴ്ച മുതൽ ആലോചനായോഗം ചേരും. വെയിൽസിലെ ന്യൂടൗണിലുള്ള കെഫെൻലി പാർക്കിൽ വൈകിട്ട് അഞ്ചിനു ആരംഭിക്കുന്ന സമ്മേളനത്തിൽ വൈദീകരും സന്യസ്തരും ഓരോ വിശുദ്ധ കുർബാനകേന്ദ്രങ്ങളിൽ നിന്നുള്ള അത്മായ പ്രതിനിധികളുമടക്കം 250-ൽപ്പരം ആളുകൾ പങ്കെടുക്കും.

തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ മൂന്നുദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ആലോചനായോഗത്തിന് അടിസ്ഥാന ചിന്തകൾ നൽകുന്നതിനായി ലിവിംഗ് സ്റ്റോണ്‍സ് എന്ന പേരിൽ ഒരുമാസം മുന്പ് രൂപത കരടുരേഖ പുറത്തിറക്കിയിരുന്നു.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിനെ കൂടാതെ മുപ്പത്തഞ്ചിൽ അധികം വൈദീകരും കന്യാസ്ത്രീകളും ഇരുനൂറിലധികം അത്മായ പ്രതിനിധികളും ഈ ചരിത്രസമ്മേളനത്തിൽ പങ്കുചേരും.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്