മുന്നണി ചർച്ചയുടെ സമയ പരിധി അവസാനിക്കുന്നു; ജർമനി വീണ്ടും തെരഞ്ഞെടുപ്പിലേക്കോ
Saturday, November 18, 2017 11:01 AM IST
ബെർലിൻ: ജർമനിയിൽ മുന്നണി സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയെന്നു നേതാക്കൾ പറയുന്പോഴും മെർക്കലിന് ഇപ്പോഴും വഴിമുട്ടി നിൽക്കുകയാണെന്നാണ് വക്താക്കളുടെ ഏറ്റുപറച്ചിൽ. തെരഞ്ഞെടുപ്പ് നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും പുതിയ മുന്നണി ചർച്ചകളിലുള്ള ധാരണകൾ അകലെമാത്രം. രാത്രി പുലരുവോളം ദീർഘിച്ച ചൂടേറിയ ചർച്ചകൾക്കൊടുവിലും കുടിയേറ്റ - അഭയാർഥി വിഷയങ്ങളിൽ ഇതുവരെയും തീരുമാനമായിട്ടില്ല.

കുടിയേറ്റത്തിനു പരിധി നിശ്ചയിക്കുന്ന കാര്യത്തിലാണ് തർക്കം പ്രധാനമായും ഇനി നിലനിൽക്കുന്നത്. സിഡിയുവിന്‍റെ ബവേറിയൻ സഹോദര പാർട്ടിയായ സിഎസ് യുവാണ് പരിധി വേണമെന്ന് ശക്തമായി വാദിക്കുന്നത്. എഫ്ഡിപിക്കും ഗ്രീൻ പാർട്ടിക്കും ഇതിനോടു യോജിപ്പില്ല.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലാകട്ടെ, എഫ്ഡിപിയും ഗ്രീൻ പാർട്ടിയും തമ്മിലാണ് ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നത്.

ജർമനിയിൽ മുന്നണി സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ പൂർത്തിയാക്കാനുള്ള സമയ പരിധി ഇനി ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഇതിനകം സിഡിയുവും ഗ്രീൻ പാർട്ടിയും എഫ്ഡിപിയും തമ്മിൽ വ്യക്തമായ ധാരണയിലെത്തിയില്ലെങ്കിൽ രാജ്യം വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പിലേക്കു നീങ്ങും.

തീർത്തും കടകവിരുദ്ധമായ നയങ്ങൾ വച്ചു പുലർത്തുന്ന മൂന്നു പാർട്ടികൾ തമ്മിൽ സഖ്യത്തിനു ശ്രമിച്ചത് ഇനിയും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. വിദ്യാഭ്യാസവും ആരോഗ്യവും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും പോലുള്ള കാര്യങ്ങളിൽ വേഗം പൊതു ധാരണയിലെത്തിയെങ്കിലും കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റ പ്രശ്നം, അഭയാർഥി പ്രവാഹം തുടങ്ങിയ നിർണായക വിഷയങ്ങളിൽ തട്ടി ചർച്ച വഴിമുട്ടി നിൽക്കുകയാണ്.

സെപ്റ്റംബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ സിഡിയുവാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കഴിഞ്ഞ മുന്നണി സർക്കാരിന്‍റെ ഭാഗമായിരുന്ന എസ്പിഡി ഇക്കുറി പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചതോടെ വിരുദ്ധ ആശയങ്ങളുള്ള പാർട്ടികളുമായി സഖ്യത്തിനു ശ്രമിക്കാൻ മെർക്കൽ നിർബന്ധിതയാകുകയായിരുന്നു.

മറ്റൊരു പ്രധാന കക്ഷിയായ എഎഫ്ഡിയെ തീവ്ര വലതുപക്ഷ നിലപാടുകൾ കാരണം മറ്റെല്ലാ പാർട്ടികളും അയിത്തം കൽപ്പിച്ച് അകറ്റി നിർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തെളിഞ്ഞു വരുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ