ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയെ അയോഗ്യനാക്കി
Friday, October 27, 2017 7:37 AM IST
സിഡ്നി: ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി ബർനബേ ജോയിസിനെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതിനെ തുടർന്ന് ഓസ്ട്രേലിയൻ ഹൈക്കോടതിയാണ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. ജോയിസിന്‍റെ ഇരട്ട പൗരത്വമാണ് അയോഗ്യതയ്ക്കു കാരണം. ഓസ്ട്രേലിയൻ ഭരണഘടന ഇരട്ടപൗരത്വമുള്ളവരെ തെരഞ്ഞെടുക്കുന്നതിൽനിന്ന് വിലക്കിയിട്ടുണ്ട്. ജോയിസിനു പുറമേ മൂന്നു രാഷ്ട്രീയക്കാരെയും ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു.

ജോയിസിനെ അയോഗ്യനാക്കിയതോടെ സർക്കാർ ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് നിലനിൽക്കുന്നത്. എന്നാൽ ജോയിസ് തന്‍റെ ന്യൂസിലൻഡ് പൗരത്വം ഓഗസ്റ്റിൽ ഉപേക്ഷിച്ചതിനാൽ ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ തിരിച്ചെത്താൻ അദ്ദേഹത്തിനു സാധിക്കും.

കോടതി വിധിയെ മാനിക്കുന്നുവെന്ന് ജോയിസ് വിധി പ്രസ്താവന കഴിഞ്ഞ ഉടനെ പറഞ്ഞു. നമ്മൾ വിശിഷ്ടമായ ജനാധിപത്യത്തിൽ ജീവിക്കുന്നു. കോടതിക്കു നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.