ഒരുക്കങ്ങൾ പൂർണം: മയൂർ വിഹാറിൽ ചക്കുളത്തമ്മ പൊങ്കാലക്ക് ശനിയാഴ്ച തുടക്കം
Thursday, October 26, 2017 11:51 AM IST
ന്യൂഡൽഹി: മയൂർ വിഹാറിലുള്ള പൊങ്കാല പാർക്കിൽ വ്രത ശുദ്ധിയുടെ പുണ്യവുമായി ഭക്ത സഹസ്രങ്ങൾ ഞായറാഴ്ച ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിനൊരുങ്ങുകയാണ്.

സർവ മംഗള മംഗല്യേ ശിവേ സർവാർഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമോസ്തുതേ എന്ന ദേവീ മന്ത്ര സ്തുതിയോടെ ക്ഷേത്ര സന്നിധിയിൽ പ്രണമിച്ചു കൊണ്ട് മണ്‍കലങ്ങളിൽ തയാറാക്കുന്ന നിവേദ്യം അന്നപൂർണേശ്വരിയായ ചക്കുളത്തമ്മക്കു സമർപ്പിക്കുന്പോൾ ഉദ്ദിഷ്ഠകാര്യ സിദ്ധി, ദീർഘസുമംഗലീത്വം, മംഗല്യഭാഗ്യം, ശാന്തി, സമാധാനം, ആയുരാരോഗ്യ സന്പത് സമൃദ്ധി, ഇവയെല്ലാം ഭവിക്കും എന്ന വിശ്വാസമാണ് പ്രവാസികളെ എല്ലാ വർഷവും മയൂർ വിഹാറിലെ പൊങ്കാല പാർക്കിലേക്ക് ആകർഷിക്കുന്നത്.

ചക്കുളത്തുകാവ് ക്ഷേത്ര കാര്യദർശിയും അഡ്മിനിസ്ട്രേറ്ററുമായ ബ്രഹ്മശ്രീ മണിക്കുട്ടൻ നന്പൂതിരിയും ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യകാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നന്പൂതിരിയും മഹോത്സവത്തിൽ പങ്കെടുക്കും. ചക്കുളത്ത് കാവിൽ നിന്നും രഞ്ജിത് നന്പൂതിരി, ശ്രീകുമാരൻ നന്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ്പൂജാദികൾ നടക്കുക.

ശനിയാഴ്ച രാവിലെ 5 ന് സ്ഥല ശുദ്ധിക്കുശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം 6.30ന് മഹാ ദീപാരാധന, 6.45 മുതൽ പ്രമുഖ ഭാഗവതാചാര്യനായ ശ്രീ മണ്ണടി ഹരി നടത്തുന്ന ആത്മീയ പ്രഭാഷണം, ചക്കുളത്തമ്മ ഭജന സമിതി, മയൂർ വിഹാർ ഫേസ്3 നടത്തുന്ന ഭജന, ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയാണ് ആദ്യ ദിവസത്തെ പരിപാടികൾ.

രണ്ടാം ദിനമായ ഞായറാാഴ്ച മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യകാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നന്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്മിനിസ്ട്രേറ്ററും ക്ഷേത്ര കാര്യദർശിയുമായ ബ്രഹ്മശ്രീ മണിക്കുട്ടൻ നന്പൂതിരി ഭദ്രദീപം തെളിക്കും. രാവിലെ ഒന്പതിന് ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, (കസാക്ട്) ഡൽഹി പ്രസിഡന്‍റ് പി.എൻ. ഷാജിയുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഗോകുലം ഗ്രൂപ്പ് ഓഫ് കന്പനികളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗോകുലം ഗോപാലൻ, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് സി.എ. നായർ, മനോജ് കുമാർ എംഎൽഎ, കൗണ്‍സിലർ ജുഗ്നു ചൗധരി, (കസാക്ട്) ഡൽഹി സെക്രട്ടറി ഡി. ജയകുമാർ തുടങ്ങിയവർ സംസാരിക്കും.

9.30ന് വിളിച്ചുചൊല്ലി പ്രാർത്ഥനക്കുശേഷം താൽക്കാലിക ക്ഷേത്രത്തിൻറെ ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നന്പൂതിരി പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലക്ക് ആരംഭമാവും. ചക്കുളത്തമ്മയുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് കൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ടു പറക്കുന്പോൾ ഭക്തസഹസ്രങ്ങൾ വായ്ക്കുരവയാൽ അമ്മക്ക് സ്വാഗതമോതും. ഭക്തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് തീനാളങ്ങൾ പകരുന്പോൾ മുടപ്പല്ലൂർ ജയകൃഷ്ണനും സംഘവും വാദ്യമേളങ്ങളാൽ ക്ഷേത്രാങ്കണം ഉത്സവലഹരിയിലാക്കും. പൊങ്കാല അടുപ്പുകളിഹൽ നിന്നുമുയരുന്ന പുകപടലങ്ങളാൽ യാഗഭൂമിയായി മാറുന്ന അന്തരീക്ഷം ശ്രീ വിനായക ഭജന സമിതി, ലക്ഷ്മി നഗർ അവതരിപ്പിക്കുന്ന ഗാനാഞ്ജലികളാൽ ഭക്തി സാന്ദ്രമാകും. തുടർന്ന് തിളച്ചു തൂവി പാകമാക്കിയ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർഥം തളിക്കുന്നതോടെ പൊങ്കാല പവിത്രമായ നിവേദ്യമാകും. ക്ഷേത്രനടയിൽ തൊഴുത് കാണിക്കയുമർപ്പിച്ചു നിവേദ്യം അമ്മക്ക് സമർപ്പിക്കുന്നതോടെ ഭക്തജനങ്ങൾ സാഫല്യം നേടി സായൂജ്യരാകും. തുടർന്ന് കൂട്ടികളുടെ വിദ്യാഭിവൃത്തിക്കായി വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ എന്നിവ നടക്കും. ചക്കുളത്തമ്മയുടെ ഇഷ്ടപ്രസാദമായ അന്നദാനത്തിൽ പങ്കെടുത്ത് ഭക്തർ മടക്കയാത്ര ആരംഭിക്കും.

പൊങ്കാലയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങളുടെ സൗകര്യാർഥം അന്നേ ദിവസം രാവിലെ മുതൽ പൊങ്കാല കൂപ്പണുകളും മറ്റു പൂജകളും ബുക്ക് ചെയ്യുന്നതിനായി പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കുവാനായി ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടാതെ സമീപ പ്രദേശങ്ങളായ ഫരീദാബാദ്, ഇന്ദിരാപുരം, നോയിഡ, ഗുഡ് ഗാവ് എന്നിവിടങ്ങളിൽ നിന്നുമായി നിരവധി ഭക്തജനങ്ങൾ എത്തിച്ചേരുമെന്ന് ഭാരവാഹികൾ പറഞ്ഞു. അവിടങ്ങളിൽ നിന്നെല്ലാം പൊങ്കാല സന്നിധിയായ മയൂർ വിഹാർ ഫേസ്3 ലേക്ക് ഏരിയ സംഘാടകർ യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പൊങ്കാലക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.