പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
Saturday, October 21, 2017 5:22 AM IST
അലബാമ: ഇരുപതു വർഷം മുന്പ് അലബാമ പോലീസ് ഓഫീസർ ആന്േ‍റഴ്സണ്‍ ഗോർഡനെ (40) കൊലപ്പെടുത്തിയ കേസിൽ പ്രതി ടോറി ട്വയ്നിന്‍റെ വധശിക്ഷ കഴിഞ്ഞ ദിവസം ഹോൾമാൻ കറക്ഷണർ ഫെസിലിറ്റിയിൽ നടപ്പാക്കി.

1997 സെപ്റ്റംബർ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. നാല്പതുകാരനായ ഗോർഡൻ പെട്രോൾ കാറിൽ ഇരിക്കുന്പോഴാണ് പ്രതിയുടെ വെടിയേറ്റ് മരിച്ചത്. അഞ്ചു തവണയാണ് പ്രതി വെടിയുതിർത്തത്.

വധശിക്ഷ നടപ്പാക്കുന്നതിനു മുന്പ് അവസാനമായി പറഞ്ഞത്. എന്‍റെ കണ്ണുകളിലേക്ക് നോക്കൂ– എനിക്കൊരു ഭയവുമില്ല. അലബാമ സ്റ്റേറ്റിനെ ശപിച്ചുകൊണ്ടാണ് വധശിക്ഷ ഏറ്റുവാങ്ങിയത്. വധശിക്ഷ സ്റ്റേ ചെയ്യുന്നതിനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് വധശിക്ഷ നടപ്പാക്കിയത്. മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു. അലബാമയിൽ ഈ വർഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്പോഴും അമേരിക്കയിൽ വധശിക്ഷ നിർബാധം തുടരുകയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ