ഇന്തോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക പൈതൃക കൈമാറ്റ പരിപാടിക്ക് പത്തു വർഷം; ലിവർപൂളിൽ ആഘോഷ പരിപാടികൾ 20ന്
Saturday, October 14, 2017 9:11 AM IST
ലിവർപൂൾ: ലിവർപൂളിലെ ബ്രോഡ്ഗ്രീൻ ഇന്‍റർനാഷണൽ സ്കൂളും ന്യൂകാസിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഷിൻസിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്തോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക പൈതൃക കൈമാറ്റ പരിപാടി പത്തു വർഷം പൂർത്തിയാകുന്നു. ഇതോടനുബന്ധിച്ച് ലിവർപൂൾ ബ്രോഡ്ഗ്രീൻ സ്കൂളിൽ യുക്മയും ലിംകയുമായി സഹകരിച്ചു ആഘോഷ പരിപാടികൾ നടത്തുന്നു.

മോൻസ് ജോസഫ് എംഎൽഎ, ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, ലിവർപൂളിൽ നിന്നുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെയും സ്കൂൾ അധികാരികളും യുക്മയുടെയും ലിംകയുടെയും നേതാക്കളും മുൻ വർഷങ്ങളിൽ കേരള സന്ദർശനം നടത്തിയ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുക്കും.

എല്ലാ വർഷവും ലിവർപൂളിലെ ബ്രോഡ്ഗ്രീൻ സ്കൂളിൽ നിന്നും 25 വിദ്യാർഥികളാണ് കേരളത്തിലെ വിവിധ സ്കൂളുകളിലും പ്രദേശങ്ങളിലും സാംസ്കാരിക കൈമാറ്റം നടത്തുവാനും പഠനങ്ങൾക്കുമായും എത്തുന്നത്. കല്ലറ സെന്‍റ് തോമസ് സ്കൂൾ, മാന്നാനം കെഇ സ്കൂൾ, മുവാറ്റുപുഴ നിർമല സ്കൂൾ എന്നിവിടങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്തുന്ന സംഘം നാട്ടിലെ വിവിധ ടൂറിസ്റ്റു കേന്ദ്രങ്ങളിലും സന്ദർശനം നടത്താറുണ്ട്. ഈ കൈമാറ്റ പരിപാടിയുടെ ഭാഗമായി കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്നും വിദ്യാർഥികളും അധ്യാപകരും യുകെയിലേക്കും വിവിധ കാലങ്ങളിൽ എത്തിയിരുന്നു.

ആഷിൻ സിറ്റി ഉടമ ജിജോ മാധവപ്പള്ളിൽ , ബ്രോഡ്ഗ്രീൻ സ്കൂൾ ഗവേർണിംഗ് കൗണ്‍സിൽ അംഗം തോമസ് ജോണ്‍ വാരിക്കാട്ട് എന്നിവരുടെ ശ്രമഫലമായാണ് കേരളത്തിലെ ചില സ്കൂളുകൾ പ്രത്യേകമായി ഈ പരിപാടിയിൽ ഉൾപ്പെടുത്തുവാൻ തിരഞ്ഞെടുക്കപ്പെട്ടത്.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ