എയർ ബർലിൻ ലുഫ്ത്താൻസ ഏറ്റെടുത്തു
Friday, October 13, 2017 2:12 AM IST
ബർലിൻ: കടംയകറി പാപ്പരായ ജർമനിയിലെ രണ്ടാമത്തെ വിമാന സർവീസായ എയർ ബർലിൻ ജർമനിയുടെ മുഖമുദ്രയായ ലുഫ്ത്താൻസ വിഴുങ്ങി. ഈ മാസം മുപ്പത്തിയൊന്നിന് സർവീസ് പൂർണമായി നിർത്തുമെന്നു പ്രഖ്യാപിച്ച എയർ ബർലിൻ ഇതോടെ വീണ്ടും ചിറകടിച്ചുയരും. വ്യാഴാ്ച ഉച്ചയോടെ രണ്ടു കന്പനികളും തമ്മിലുള്ള കരാർ ഉറപ്പിച്ച് രേഖകൾ കൈമാറിയതായി എയർ ബർലിൻ സിഇഒ കാർസ്റ്റർ സോഫർ അറിയിച്ചു.210 മില്യൻ യൂറോയാണ് ലുഫ്ത്താൻസായുടെ മുടക്കുമുതൽ. എയർബർലിൻ ഉടനെ ബുണ്ട്സ് ബാങ്കിന് തിരിച്ചടയ്ക്കേണ തുക 150 മില്യനോളം വരും. സാന്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് വായ്പ്പയെടുത്തതാണ് ഈ തുക.

എയർ ബർലിൻ കന്പനിയുടെ മേജർ ഷെയർ വാങ്ങിയ ലുഫ്ത്താൻസാ കന്പനിയുടെ ആകെയുള്ള 141 വിമാനങ്ങളിൽ 81 വിമാനങ്ങൾ ഏറ്റെടുക്കും. അതോടൊപ്പം 8500 ജീവനക്കാരിൽ 3000 സ്റ്റാഫുകളെ ലുഫ്ത്താൻസാ എടുക്കും. കന്പനിയുടെ ബാക്കി ഷെയറുകളും വിമാനങ്ങളും ഈസി ജെറ്റ്് ഏറ്റെടുക്കും. ഈ ജെറ്റ് ഏറ്റെടുക്കുന്ന വിമാനങ്ങൾ എല്ലാംതന്നെ മീഡിയം റേഞ്ച് സർവീസുകളാണ്.

എയർ ബർലിൻ ലുഫ്ത്താൻസാ ഏറ്റെടുത്തതിൽ ജർമൻ എക്ണോമിക് മന്ത്രി ബ്രിഗിറ്റെ സൈപ്രസ് സന്തുഷ്ടി പ്രകടിപ്പിച്ചു. നേരത്തെ ഏറ്റെടുക്കൽ സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ നടന്നുവെങ്കിലും ഇതിനായി കന്പനികൾ മുന്നോട്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു. മുൻപ് നഷ്ടത്തിലായ കന്പനിയുടെ ഓഹരികൾ എത്തിഹാദ് എയർലൈൻസ് വാങ്ങി, സർവീസ് നടത്തിയെങ്കിലും ഇക്കഴിഞ്ഞ ഓഗസ്റ്റിൽ എത്തിഹാദ് എയർ ബർലിനെ കൈവിടുകയും ഷെയറുകൾ തിരിച്ചു നൽകുകയും ചെയ്തതോടെയാണ് കന്പനി പാപ്പരത്വത്തിലേയ്ക്കു കൂപ്പുകുത്തിയത്. എയർ ബർലിൻ ഏറ്റെടുത്തതോടെ ലുഫ്ത്താൻസായുടെ ഓഹരികളുടെ വില മാർക്കറ്റിൽ കുതിച്ചുയർന്നു.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ