ചരിത്രം കുറിച്ച് മലയാളി വനിത; പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലൻഡിൽ പാർലമെന്‍റ് എംപി
Monday, September 25, 2017 10:22 AM IST
ഒക് ലൻഡ്: ന്യൂസിലൻഡിൽ പാർലമെന്‍റ് അംഗത്വം നേടി മലയാളി വനിത ചരിത്രം കുറിച്ചു. എറണാകുളം പറവൂർ സ്വദേശി പ്രിയങ്ക രാധാകൃഷ്ണനാണ് കേരളത്തിന്‍റെ അഭിമാനമായത്. ലേബർ പാർട്ടിയുടെ ബാനറിൽ ലിസ്റ്റ് എംപിയായ പ്രിയങ്ക ഒക് ലൻഡിലെ മൗൻഗാകിക്കിയെയാണ് പ്രതിനിധീകരിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 23നു നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തൊട്ടടുത്ത എതിരാളിയായ നാഷണൽ പാർട്ടി സ്ഥാനാർഥിയോടു പ്രിയങ്ക പരാജയപ്പെട്ടിരുന്നു. ഒക്ടോബർ രണ്ടാം വാരമാണു സത്യപ്രതിജ്ഞ. ചരിത്രത്തിൽ ആദ്യമായി മലയാളി ന്യൂസിലൻഡ് പാർലമെന്‍റ് അംഗമാകുന്നത്.

നേരത്തെ കണ്‍വെൽജിത് ബക്ഷി, പരംജിത് പരമാർ എന്നീ ഇന്ത്യക്കാർ ഭരണകക്ഷിയായ നാഷണൽ പാർട്ടിയുടെ എംപിമാരായി വിജയിച്ചിരുന്നു. കൂടാതെ മഹേഷ് ബിന്ദ്ര ന്യൂസിലാൻഡ് ഫസ്റ്റ് എന്ന ചെറു പാർട്ടിയുടെ ലിസ്റ്റ് എംപിയുമായിരുന്നു. ഇവർ ഇക്കുറിയും പാർട്ടിയുടെ ലിസ്റ്റ് എംപിമാരായി തുടരും. ഇതോടെ ന്യുസിലൻഡ് പാർലമെന്‍റിൽ ഇന്ത്യൻ വംശജരുടെ എണ്ണം നാലായി.

2004 ൽ സ്റ്റുഡന്‍റ്സ് വീസയിലാണ് പ്രിയങ്ക ന്യൂസിലൻഡിലെത്തുന്നത്. 2006ൽ ലേബർ പാർട്ടിയിൽ ചേർന്ന് പൊതു പ്രവർത്തനം ആരംഭിച്ചു. നിലവിൽ ലേബർ പാർട്ടിയുടെ പബ്ലിക് പോളിസി കമ്മിറ്റിയുടെ അംഗവും പാർട്ടിയിലെ പല സബ് കമ്മിറ്റികളിൽ അംഗവും ഉപദേശകയും ആണ്.

വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽനിന്നു ഡവലപ്മെന്‍റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടിയ പ്രിയങ്ക മീഡിയ സ്റ്റഡീസിലും സോഷ്യോളജിയിലും പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ക്രൈസ്റ്റ്ചർച്ചിൽനിന്നുള്ള സ്കോട്ട്ലൻഡ് വംശജനായ റിച്ചാർഡ്സണ്‍ ആണ് പ്രിയങ്കയുടെ ഭർത്താവ്. അച്ഛൻ രാമൻ രാധാകൃഷ്ണനും അമ്മ ഉഷ രാധാകൃഷ്ണനും ചെന്നൈയിൽ വിശ്രമ ജീവിതം നയിക്കുന്നു.

പരാജയപ്പെട്ട പ്രിയങ്ക എങ്ങനെ എംപി ആയി? ന്യൂസിലൻഡിലെ തെരഞ്ഞെടുപ്പ് രീതി ഇങ്ങനെ...

ഒക് ലൻഡ്: ന്യുസിലാൻഡിലെ തെരഞ്ഞെടുപ്പ് രീതി ഇന്ത്യയിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. ആകെയുള്ള 120 പാർലമെന്‍റിലെ സീറ്റിൽ 71 ഇലക്ട്റൽ സീറ്റ് ആണ്. ഈ മണ്ഡലങ്ങളിലേക്ക് വോട്ടേഴ്സ് നേരിട്ട് അവരുടെ എംപിയെ തിരഞ്ഞെടുക്കുന്പോൾ ബാക്കിയുള്ള 49 സീറ്റ് അകെ ഓരോ പാർട്ടിക്കും കിട്ടിയ വോട്ടു ശതമാനം കണക്കാക്കി അതാതു പാർട്ടി നൽകുന്ന ലിസ്റ്റിൽ നിന്ന് എംപിയാക്കും.

ഇതനുസരിച്ചു 41 % വോട്ടു കിട്ടിയ നാഷണൽ പാർട്ടിക്ക് 41 ഇലക്ടറേറ്റിൽ (നിയോജകമണ്ഡലങ്ങളിൽ ) നിന്ന് ജയിച്ച 41 എംപിമാരെയും വോട്ടിംഗ് ശതമാനത്തിന്‍റെ അടിസ്ഥാനത്തിൽ 17 ലിസ്റ്റ് എംപിമാരെയും ലഭിക്കും. ഇതിൽ തന്നെ നേരത്തെ കിവി ഇന്ത്യൻ ലിസ്റ്റ് എംപിമാരായ കണ്‍വെൽജിത് ബക്ഷിയും പരംജിത് പരാമാരും നാഷണൽ പാർട്ടിയുടെ ലിസ്റ്റിൽനിന്ന് വീണ്ടും ലിസ്റ്റ് എംപി ആകും. ഇവർ ഈ വർഷത്തെ തെരഞ്ഞെടുപ്പിലും തോറ്റിരുന്നു. എന്നിരുന്നാലും പാർട്ടിയിൽ ഇന്ത്യൻ പ്രാതിനിധ്യം ഉൾക്കൊള്ളിക്കാനാണ് പാർട്ടിയിൽ സീനിയർ ആയ ഈ നേതാക്ക·ാരെ വീണ്ടും നാഷണൽ പാർട്ടി ലിസ്റ്റ് എംപിമാരായി നോമിനേറ്റ് ചെയ്യുന്നത്.

ലേബർ പാർട്ടിക്കും, ഈ തെരഞ്ഞെടുപ്പിൽ 36 % വോട്ടു കിട്ടി. ഇതിന്‍റെ അടിസ്ഥാനത്തിൽ അവർക്കു 16 ലിസ്റ്റ് എംപിമാരെ ലഭിക്കും. കൂടാതെ 29 നിയോജക മണ്ഡലങ്ങളിൽ ലേബർ പാർട്ടി സ്ഥാനാർഥികൾ ജയിച്ചിട്ടുണ്ട്. അങ്ങനെ ലേബർ പാർട്ടി എംപിമാരുടെ എണ്ണം 45 ആകും.

ഇങ്ങനെ ലിസ്റ്റ് എംപിമാരാകേണ്ട ലേബർ പാർട്ടിയുടെ ലിസ്റ്റിൽ 11-ാം സ്ഥാനമാണ് മലയാളിയായ പ്രിയങ്കയ്ക്കുള്ളത്. ലിസ്റ്റ് എംപിമാർക്കും തെരഞ്ഞെടുക്കപ്പെട്ട എംപി മാർക്കും പാർലമെന്‍റിൽ അധികാരങ്ങളും, അവകാശങ്ങളും ഒരേപോലെയാണ്. ലിസ്റ്റ് എംപി ഒരു ഇലക്ടറേറ്റിനെ( നിയോജകമണ്ഡലത്തെ) പ്രതിനിധികരിക്കുന്നില്ല. പക്ഷെ എംപി എന്ന നിലയിൽ ന്യുസിലാൻഡിൽ എവിടെയും സർക്കാർ ചെലവിൽ ഓഫീസ് സ്ഥാപിക്കാം. മറ്റു സർക്കാർ പാർലമെന്‍റു കമ്മിറ്റികളിൽ മെന്പറോ മന്ത്രിയോ ആകാം.

എന്നാൽ ലേബർ പാർട്ടി ഇപ്പോഴത്തെ അവസ്ഥയിൽ പ്രതിപക്ഷത്താണ്. ചെറിയ പാർട്ടികളായ ഗ്രീൻ, ന്യുസിലാൻഡ് ഫസ്റ്റ് എന്നി പാർട്ടികൾക്ക് ഈ വർഷം ഒറ്റ സ്ഥാനാർഥിപോലും ഇലക്ടറേറ്റിൽ വിജയിപ്പിക്കാനായില്ല. എന്നാൽ ആകെ ലഭിച്ച പാർട്ടി വോട്ടിന്‍റെ അടിസ്ഥാനത്തിൽ ഗ്രീൻപാർട്ടിക്ക് ഏഴും ന്യുസിലാൻഡ് ഫസ്റ്റ് പാർട്ടിക്ക് ഒന്പതും എംപിമാരെ ലഭിക്കും.

ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ച നാഷണൽ പാർട്ടിക്ക് വേണ്ടത്ര ഭൂരിപക്ഷമില്ലാത്തിതിനാൽ ചെറുപാർട്ടികളുടെ നിലപാട് നിർണായകമാണ്. ഈ രണ്ടു പാർട്ടികളും ലേബർ പാർട്ടിയെ പിന്തുണച്ചാൽ ഭരണം ലേബർ പാർട്ടിക്ക് കിട്ടും. ഏതെങ്കിലും ഒരു ചെറു പാർട്ടി നാഷണലിനെ പിന്തുണച്ചാൽ ഭരണം ഇപ്പോഴത്തെ ഭരണകക്ഷിയായ നാഷണൽ പാർട്ടിക്ക് കിട്ടും. ചർച്ചകൾ നടന്നു വരുകയാണ്.