മയൂർ വിഹാർ കേരള സമാജം ഓണം ആഘോഷിച്ചു
Monday, September 25, 2017 10:12 AM IST
ന്യൂഡൽഹി : മയൂർ വിഹാർ കേരള സമാജത്തിന്‍റെ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന നാലാമത് ആർ.ആർ. നായർ മെമ്മോറിയൽ പൂക്കള മത്സരത്തിൽ 25,000 രൂപയുടെ ഒന്നാം സമ്മാനം മയൂർ വിഹാർ ഫേസ്3ലെ കെ. ശ്രീധരനും സംഘവും കരസ്ഥമാക്കി.

15,000 രൂപയുടെ രണ്ടാം സമ്മാനം മയൂർ വിഹാർ ഫേസ്1 ലെ ജ്യോത്സ്ന വാര്യരും സംഘവും 10,000 രൂപയുടെ മൂന്നാം സമ്മാനം മയൂർ വിഹാർ ഫേസ്1 ലെ ഇ.ആർ. ശ്രീജിത്തും സംഘവും നേടി. സമാശ്വാസ സമ്മാനമായ 5,000 രൂപ മയൂർ വിഹാർ ഫേസ്2 ലെ ശ്രീപ്രിയാ ഗോകുലും സംഘവും കരസ്ഥമാക്കി. ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്യായനി സാംസ്കാരിക സമുച്ചയത്തിലായിരുന്നു പരിപാടികൾ.

തുടർന്നു നടന്ന സാംസ്ക്കാരിക സമ്മേളനം പദ്മ നായർ ഉദ്ഘാടനം ചെയ്തു. മനോജ് കുമാർ എംഎൽഎ മുഖ്യാതിഥിയായിരുന്നു. മയൂർ വിഹാർ കേരള സമാജം പ്രസിഡന്‍റ് എസ്.കെ. നായർ, വൈസ് പ്രസിഡന്‍റ് സി.കെ. അനന്ത നാരായണൻ, സെക്രട്ടറി എൻ.എസ്. ബാബു, ജോയിന്‍റ് സെക്രട്ടറിമാരായ രാജി വാര്യർ, ശ്രീധര പണിക്കർ എന്നിവർ പ്രസംഗിച്ചു.

പദ്മശ്രീ ഗുരു ഭാരതി ശിവജിയും സംഘവും സെന്‍റർ ഫോർ മോഹിനിയാട്ടം, ഡൽഹിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നൃത്താഞ്ജലി ഓണാഘോഷ പരിപാടികൾക്ക് മിഴിവേകി. കേരളത്തനിമയിലൊരുക്കിയ ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി