ഇന്ത്യ സോഷ്യൽ ക്ലബ് മലയാള വിഭാഗം ഓണഘോഷങ്ങൾക്ക് ഉജ്ജ്വല സമാപനം
Saturday, September 23, 2017 8:51 AM IST
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം നടത്തിയ ഓണാഘോഷങ്ങൾക്ക് അൽഫലാജ് ഹോട്ടലിൽ നടന്ന ഓണസദ്യയോടെ ഉജ്ജ്വല സമാപനം.

മൂന്നു ദിവസമായി നടന്ന പരിപാടികൾ വ്യാഴാഴ്ച ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട്, ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോ. സതീഷ് നന്പ്യാർ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ സംബന്ധിച്ചു.

വെള്ളിയാഴ്ച സോഷ്യൽ ക്ലബിന്‍റെ ചെയർമാനായി 35 വർഷം പിന്നിടുന്ന ഡോ.സതീഷ് നന്പ്യാരെ കണ്‍വീനർ ടി. ഭാസ്കരൻ ആദരിച്ചു. ചടങ്ങിൽ പ്രാഗൽഭ്യം തെളിയിച്ച ക്ലബ് അംഗങ്ങളെയും ആദരിച്ചു. 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്കുള്ള വിജയ മുദ്രകൾ സമ്മാനിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

ഓണസദ്യയിൽ മൂവായിരത്തോളം പേർ പങ്കെടുത്തു. ഓണ സദ്യയിലും നേരത്തെ മസ്കറ്റിലെ വിവിധ കന്പനികളിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികൾക്കുവേണ്ടി നടത്തിയ സദ്യയിലും ഇന്ത്യൻ സ്ഥാനപതി പങ്കെടുത്തു. വൈകിട്ട് സത്യൻ അന്തിക്കാട് ക്ലബ് അംഗങ്ങളുമായി സംവദിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും കണ്‍വീനർ ടി.ഭാസ്കരൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സേവ്യർ കാവാലം