ബംഗളൂരു: പൂജ, ഗാന്ധിജയന്തി അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ബസുകളിൽ ബുക്കിംഗ് തിരക്കേറി. ഈ ദിവസങ്ങളിലെ പതിവു ബസുകളിൽ ടിക്കറ്റുകൾ നേരത്തെതന്നെ വിറ്റുതീർന്നിരുന്നു. കേരള, കർണാടക ആർടിസിയുടെ സ്പെഷൽ ബസുകളിലും വാരാന്ത്യ സ്പെഷൽ ബസുകളിലും ബുക്കിംഗ് തകൃതിയായി നടന്നുവരികയാണ്.
പൂജ, ഗാന്ധിജയന്തി അവധിയോടനുബന്ധിച്ച് കേരള ആർടിസി 28 സ്പെഷൽ സർവീസുകൾ നടത്തുന്നുണ്ട്. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, പയ്യന്നൂർ, ബത്തേരി എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചത്. ഈ ബസുകളിലെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റുതീർന്നു. തിരക്കനുസരിച്ച് വരുംദിവസങ്ങളിൽ കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കേരള ആർടിസി അറിയിച്ചിട്ടുണ്ട്.
കർണാടക ആർടിസി ബംഗളൂരുവിൽ നിന്ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ നടത്തുന്നത്. ഇത്തവണ മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും കർണാടക ആർടിസി സ്പെഷൽ സർവീസ് നടത്തുന്നുണ്ട്. ഈ മാസം 27 മുതൽ 30 വരെയാണ് പ്രത്യേക ബസുകൾ സർവീസ് നടത്തുന്നത്. ഇത്തവണ അവധി തുടങ്ങുന്നത് വെള്ളിയാഴ്ചയായതിനാലും ഗാന്ധിജയന്തി ഉൾപ്പെടെ നാലു ദിവസം അടുപ്പിച്ച് അവധി ലഭിക്കുമെന്നതിനാലും ഈ ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കേരളത്തിലേക്കുള്ള പതിവ് ബസുകളിലും ട്രെയിനുകളിലും ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യമാണ്. യാത്രാത്തിരക്ക് മുതലെടുത്ത് സ്വകാര്യബസുകൾ ടിക്കറ്റ് നിരക്ക് ഉയർത്തിയതായും പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിൽ നാട്ടിലെത്താൻ കൂടുതൽ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് മലയാളികൾ.