യൂറോപ്പിലേയ്ക്കു മനുഷ്യക്കടത്തിനു പുതിയ കടൽ മാർഗം
Thursday, September 14, 2017 9:54 AM IST
ബ്രസൽസ്: യൂറോപ്പിലേക്കുള്ള മനുഷ്യക്കടത്തിന് മാഫിയകൾ പുതിയ കടൽ മാർഗം കണ്ടെത്തി. ഇതുവഴി വന്ന് കടലിൽ കുടുങ്ങിയ ബോട്ടിൽ നിന്ന് കോസ്റ്റ് ഗാർഡ് 153 പേരെ രക്ഷപെടുത്തി റൊമാനിയയിലെത്തിച്ചു.

ആളുകൾ തിങ്ങി നിറഞ്ഞ് ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയിലായിരുന്നു ബോട്ട്. ഇതിൽ 53 കുട്ടികളും ഉൾപ്പെട്ടിരുന്നു.

തുർക്കിയിലെത്തി അവിടെനിന്ന് കിഴക്കൻ യൂറോപ്പിലേക്ക് കടക്കുന്നതാണ് പുതിയ പാത. ഈ വഴി ദിനംപ്രതിയെന്നോണം തിരക്കേറി വരികയാണെന്ന് അധികൃതർ സ്ഥിരീകരിക്കുന്നു.

റൊമാനിയയിൽ മാത്രം ഈ വർഷം ഇതുവരെ 627 അനധികൃത കുടിയേറ്റക്കാർ പിടിയിലായിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് പത്തു മടങ്ങ് അധികമാണിത്.

മനുഷ്യക്കടത്തുകാർ പരന്പരാഗതമായി ഉപയോഗിച്ചു വരുന്ന മെഡിറ്ററേനിയൻ കടൽ പാതകളിലെല്ലാം യൂറോപ്യൻ രാജ്യങ്ങൾ നിരീക്ഷണം കർക്കശമാക്കിയതോടെയാണ് പുതിയ പാതകൾ തേടിത്തുടങ്ങിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ