തൊഴിൽ നിയമ പരിഷ്കരണത്തിനെതിരേ ഫ്രാൻസിൽ പ്രതിഷേധം
Wednesday, September 13, 2017 10:21 AM IST
പാരീസ്: പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഫ്രാൻസിൽ നടപ്പാക്കുന്ന തൊഴിൽ നിയമ പരിഷ്കരണത്തിനെതിരേ രാജ്യത്ത് വൻ പ്രതിഷേധ പ്രകടനങ്ങൾ. 2,23,000 പേർ പ്രകടനത്തിൽ പങ്കെടുത്തെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്ക്. അതിലേറെപേർ പങ്കെടുത്തെന്നാണ് തൊഴിലാളി യൂണിയനുകളുടെ അവകാശവാദം.

രണ്ട് പ്രമുഖ ട്രേഡ് യൂണിയനുകൾ പരിഷ്കരണങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധങ്ങളിൽനിന്നു വിട്ടു നിൽക്കുന്പോഴാണ് ഇത്രയധികം പേർ പ്രകടനങ്ങളിൽ അണിനിരക്കുന്നത്. എന്നാൽ, ഈ സമയത്ത് പ്രസിഡന്‍റ് മാക്രോണ്‍ കരീബിയൻ ദ്വീപുകളിൽ ഇർമ കൊടുങ്കാറ്റ് വിതച്ച നാശനഷ്ടങ്ങൾ വിലയിരുത്താൻ പോയിരിക്കുകയായിരുന്നു. കാറ്റ് ഏറ്റവും കൂടുതൽ ദുരിതം വിതച്ച സെന്‍റ് മാർട്ടിൻ, സെന്‍റ് ബാർട്ട്സ് ദ്വീപുകൾ അദ്ദേഹം സന്ദർശിച്ചു.

മാഴ്സെയ്ൽ, പെർപിനാൻ, നീസ്, ബോർഡോക്സ്, ലെ ഹാർവെ, കയീൻ എന്നിവിടങ്ങളിലാണ് ആദ്യ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയത്. ലിയോണിൽ പ്രകടനം പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പാരീസിൽ പോലീസിനു നേരേ ആക്രമണമുണ്ടായി. ഗ്ലാസ് ഹോർഡിങ്ങുകൾ നശിപ്പിക്കപ്പെട്ടു. കണ്ണീർ വാതകവും ജല പീരങ്കിയും പ്രയോഗിച്ചാണ് ഇവിടെ പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. വിവിധ പ്രകടനങ്ങളിലായി രാജ്യത്താകമാനം 13 പേരെ അറസ്റ്റിലായിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ