ഫാ.ടോം ഉഴുന്നാലിൽ ദൈവവിശ്വാസത്തിന്‍റെ ജീവിക്കുന്ന സാക്ഷി
വത്തിക്കാൻസിറ്റി: ഭീകരരുടെ തടവിൽ നിന്നും മോചനം ലഭിച്ച ഫാ. ടോം ഉഴുന്നാലിൽ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പായെ സന്ദർശിച്ച് അനുഗ്രഹം തേടി. ദൈവവിശ്വാസികളുടെ ജീവിക്കുന്ന സാക്ഷി എന്നാണ് വത്തിക്കാൻ ഫാ. ടോമിനെ വിശേഷിപ്പിച്ചത്. ഐഎസ് തീവ്രവാദികൾക്കൊപ്പം ഇത്രനാളത്തെ കഠിന ജീവിതത്തിൽ ഒരിക്കൽ പോലും താൻ മരണത്തെ ഭയപ്പെട്ടിരുന്നില്ലെന്ന് ടോം പറഞ്ഞു.

നേരത്തെ റോമിലെ സലേഷ്യൻ സഭാ ആസ്ഥാനത്തെത്തിയ ഫാ. ടോം ഉഴുന്നാലിനെ കേരളീയ രീതിയിൽ പൊന്നാട അണിയിച്ചാണ് സ്വാഗതം ചെയ്തത്. നിരവധിയാളുകൾ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. ദൈവത്തിനും മാതാവിനും നന്ദി പറയുന്നുവെന്നാണ് അവരോടൊക്കെ അച്ചൻ പറഞ്ഞത്. അദ്ദേഹത്തിന് കേരളീയ ശൈലിയിലുള്ള ഭക്ഷണവും ഒരുക്കിയിരുന്നു. സലേഷ്യൻസഭാ ആസ്ഥാനത്ത് സഭയിലെ ജനറൽ കൗണ്‍സിൽ അംഗങ്ങളായ ഫാ.സൈമി ഏഴാനിക്കാട്ട് എസ്ഡിബി, ഫാ.തോമസ് അഞ്ചുകണ്ട ം എസ്ഡിബി, ഫാ.ഏബ്രഹാം കവലക്കാട്ട് എസ്ഡിബി, ഫാ.ഫ്രാൻസിസ്കോ സെറേഡ, മറ്റു സഹപ്രവർത്തകരും അദ്ദേഹത്തെ സ്വീകരിച്ചു.

2016 മാർച്ച് നാലിന് യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ചൊവ്വാഴ്ച രാവിലെ ഒമാൻ സമയം രാവിലെ 8.50 നാണ് യെമനിലെ അൽ മുഖാലയിൽനിന്നാണ് ഫാ. ടോമിനെ മോചിപ്പിച്ച് ഒമാൻ സർക്കാരിന്‍റെ റോയൽ എയർഫോഴ്സ് വിമാനത്തിൽ മസ്ക്കറ്റിലെത്തിച്ചത്. അവിടെയെത്തി രണ്ടു മണിക്കൂറിനുശേഷം പ്രത്യേക വിമാനത്തിൽ ഫാ. ടോം റോമിലേക്കു പുറപ്പെടുകയും ചെയ്തു.

പതിനെട്ടു മാസം നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും ശേഷമാണ് വത്തിക്കാന്‍റെ അഭ്യർഥനപ്രകാരം ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സയിദിന്‍റെ ശക്തമായ ഇടപെടലിലാണ് ഫാ.ടോമിന് വിടുതൽ ലഭിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജും വിഷയത്തിൽ ഇടപെട്ടിരുന്നു.

പാലാ രാമപുരം സ്വദേശിയായ ഫാ. ടോം സലേഷ്യൻ സന്യാസ സഭയുടെ ബംഗളുരു പ്രൊവിൻസ് അംഗമാണ്. തടവുജീവിതത്തിൽ ദുരിതമനുഭവിച്ച ടോമച്ചന് വിദഗ്ധ പരിശോധനയും ആവശ്യമായേക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ