ഡബ്ലിനിൽ കന്യാമറിയത്തിന്‍റെ തിരുനാളും കുടുംബ യൂണിറ്റുകളുടെ വാർഷികവും തിരുവോണാഘോഷവും സെപ്റ്റംബർ 16 ന്
ഡബ്ലിൻ : താലാ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാളും കുടുംബ യൂണിറ്റുകളുടെ വാർഷികവും തിരുവോണാഘോഷവും സെപ്റ്റംബർ 16ന് (ശനി) നടക്കും.

രാവിലെ 10 ന് താലാ കിൽനമനയിലുള്ള സെന്‍റ് കെവിൻസ് ദേവാലയത്തിൽ നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. ഫാ. പ്രിൻസ് മേക്കാട് തിരുനാൾ കുർബാനക്ക് കാർമികത്വം വഹിക്കും. ഫാ. ജോസഫ് വെള്ളനാൽ തിരുനാൾ സന്ദേശം നൽകും.

ഉച്ചയ്ക്ക് ഒന്നിന് കിൽനമന ഓഡിറ്റോറിയത്തിൽ തിരുവോണസദ്യയോടുകൂടി ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്നു പൊതുസമ്മേളനം, വിവിധ കലാ കായിക മത്സരങ്ങൾ, കലാസന്ധ്യ, താല സീറോ മലബാർ കൂട്ടായ്മ ഒരുക്കുന്ന ബൈബിൾ നാടകം "സമാഗമം’’ എന്നിവ അരങ്ങേറും. രാത്രി എട്ടിന് നടക്കുന്ന സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.

ആഘോഷപരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. തിരുനാൾ ആഘോഷങ്ങളിലും തുടർന്നു നടക്കുന്ന തിരുവോണാഘോഷ പരിപാടികളിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലിൻസ് ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്‍റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ