ഓസ്ട്രേലിയയിൽ മലയാളി യുവതിക്കു രണ്ടര വർഷം തടവ്
Wednesday, September 6, 2017 10:38 AM IST
മെൽബണ്‍: ഓസ്ട്രേലിയയിലെ മെൽബണിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്നു മലയാളി യുവതിക്കു രണ്ടര വർഷം തടവ്. കാറപകടത്തിൽ ഗർഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിലാണ് മലയാളിയായ ഡിംപിൾ ഗ്രേസ് തോമസിനു മെൽബണ്‍ കോടതി രണ്ടര വർഷം ശിക്ഷ വിധിച്ചത്.

2016 ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ അപകടമുണ്ടായത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്ന് എതിരെ വന്ന കാറുമായി ഡിംപിളിന്‍റെ കാർ കൂട്ടിയിടിക്കുകയായിരുന്നു. 28 ആഴ്ച ഗർഭിണിയായിരുന്ന ആഷ്‌ലി അലന്‍റെ കാറുമായാണ് ഡിംപിളിന്‍റെ വാഹനം കൂട്ടിയിട്ടിച്ചത്. അപകടത്തിൽ പരിക്കേറ്റ ആഷ്‌ലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സിസേറിയനിലൂടെ പെണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. എന്നാൽ അപകടത്തിന്‍റെ ആഘാതം മൂലം കുട്ടി രണ്ട് ദിവസത്തിനുശേഷം മരിച്ചു.

മരണകാരണമാകുന്ന രീതിയിൽ അപകടകരമായി വാഹനം ഓടിച്ചു എന്ന കുറ്റത്തിനാണ് ഡിംപിളിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ഡിംപിൽ കുറ്റം സമ്മതിച്ചിരുന്നു. ആരോഗ്യമേഖലയിലാണ് ഡിംപിൾ പ്രവർത്തിക്കുന്നത്. അപകട സമയത്ത് ഗർഭണിയായിരുന്ന ഡിംപിളിന്‍റെ ഗർഭവും അപകടത്തിനുശേഷം അലസുകയും ചെയ്തിരുന്നു. പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. നിലവിൽ ഡിംപിളിന്‍റെ പേരിൽ മറ്റു കേസുകൾ ഒന്നും ഇല്ലാത്തത് പരിഗണിച്ചാണ് കോടതി ശിക്ഷയിൽ ഇളവു നൽകിയത്.