അങ്കമാലിയുടെ സമഗ്രമായ വികസനം സാധ്യമാക്കും: റോജി എം. ജോണ്‍
Tuesday, August 29, 2017 8:23 AM IST
മെൽബണ്‍: അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും നിന്ന് വിദേശ രാജ്യങ്ങളിൽ പ്രവാസികളായി കഴിയുന്ന അങ്കമാലിക്കാരിൽ നിന്നും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുകൊണ്ട് അങ്കമാലി നിയോജകമണ്ഡലത്തിന്‍റെ സമഗ്രമായ വികസനം സാധ്യമാക്കുന്ന വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുവാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റോജി എം. ജോണ്‍ എംഎൽഎ. മെൽബണിൽ അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷൻ (ആൽഫ) ഒരുക്കിയ സ്വീകരണത്തിന് നന്ദി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ അങ്കമാലി ബൈപ്പാസിന്‍റെ നിർമാണത്തിനുള്ള വിശദമായ രൂപരേഖ കിഫ്ബിയിൽ സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണെന്നും എത്രയും വേഗം ബൈപ്പാസിന്‍റെ നിർമാണം ആരംഭിക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും റോജി എം. ജോണ്‍ പറഞ്ഞു. അങ്കമാലി എയർപോർട്ട് റോഡിന്‍റെ നിർമാണത്തെക്കുറിച്ചും കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നതിനെ കുറിച്ചുമുള്ള അംഗങ്ങളുടെ ചോദ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും എംഎൽഎ മറുപടി പറഞ്ഞു.

പ്രസിഡന്‍റ് മാർട്ടിൻ ഉറുമീസ് അധ്യക്ഷത വഹിച്ചു. സെൻസി പൗലോസ് ബൊക്കെ നൽകി. നെൽസണ്‍ പൊന്നാട അണിയിച്ചു. സെക്രട്ടറി സോജി ആന്‍റണി, ഒഐസിസി ഗ്ലോബൽ ചെയർമാൻ ബിജു സ്കറിയ, പിആർഒ പോൾ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഡിന്നറോടെ പരിപാടികൾ സമാപിച്ചു.