ലൈസൻസിൽ തട്ടി ഇന്ദിര കാന്‍റീൻ
Tuesday, August 29, 2017 8:04 AM IST
ബംഗളൂരു: സ്വപ്നപദ്ധതിയായി ഉദ്ഘാടനം ചെയ്ത ഇന്ദിര കാന്‍റീനുകൾക്ക് ലൈസൻസ് ഇല്ലാത്തത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 101 കാന്‍റീനുകളാണ് നഗരത്തിൽ ആരംഭിച്ചത്. എന്നാൽ ഈ കാന്‍റീനുകൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) ലൈസൻസും ബിബിഎംപി ആരോഗ്യവകുപ്പിെ ട്രേഡ് ലൈസൻസും ഇല്ലെന്ന് ആരോപണങ്ങൾ ഉയർന്നു. ലൈസൻസ് എടുക്കുന്ന കാര്യം പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ബിബിഎംപി മറന്നുപോയെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ ലൈസൻസ് നേടുന്നതിനായുള്ള നടപടികൾ ബിബിഎംപി ആരംഭിച്ചിട്ടുണ്ട ്. ഈയാഴ്ച തന്നെ ലൈസൻസുകൾ നേടുമെന്നും അത് കാന്‍റീനുകളിൽ പ്രദർശിപ്പിക്കുമെന്നും ബിബിഎംപി അധികൃതർ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ഇന്ദിര കാന്‍റീനുകൾ രജിസ്റ്റർ ചെയ്യേണ്ട തുണ്ടെന്നും ഉടൻതന്നെ അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും കർണാടക ഭക്ഷ്യസുരക്ഷാ കമ്മീഷണർ മനോജ്കുമാർ മീണ അറിയിച്ചു. കാന്‍റീനുകളിലേക്ക് ഭക്ഷണം എത്തിക്കാൻ കരാർ ഏറ്റെടുത്തിരിക്കുന്ന മുംബൈ ആസ്ഥാനമായുള്ള ഷെഫ് ടോക്ക് കന്പനിക്കും ഡൽഹി ആസ്ഥാനമായുള്ള എൻജിഒ ആയ റിവാർഡ്സിനും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലൈസൻസുണ്ട്.

സ്വാതന്ത്ര്യദിനത്തിൽ പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് കാന്‍റീനുകളുടെ ജോലികൾ തിടുക്കപ്പെട്ട് പൂർത്തിയാക്കിയതെന്നും ലൈസൻസ് പോലും നേടാൻ മറന്നതെന്നുമാണ് ആരോപണം.