നക്ഷത്ര തിളക്കവുമായി ശ്രുതി ആർട്ട്സിന്‍റെ നൃത്ത സംഗീത വിരുന്ന്
Thursday, August 24, 2017 8:19 AM IST
ന്യൂഡൽഹി: കാനിംഗ് റോഡിലെ വിശാലമായ കേരളാ സ്കൂൾ അങ്കണത്തിൽ ഓസ്റ്റ് 20 ഞായറാഴ്ച വൈകുന്നേരം മലയാളത്തിന്‍റെ പ്രമുഖ താരങ്ങൾ സ്നേഹ തിളക്കവുമായി വിരുന്നെത്തി. ഡൽഹിയിലെ ശ്രുതി ആർട്ട്സ് അരങ്ങിലേറ്റിയ ഓണം മെഗാ ഷോയുമായി ബന്ധപ്പെട്ടു മലയാളികളുടെ ആദരങ്ങൾ ഏറ്റുവാങ്ങാനും ഹാസ്യ സംഗീത നൃത്ത സന്ധ്യയൊരുക്കാനുമാണ് താരങ്ങൾ ഡൽഹിയിലെത്തിയത്.

ശ്രുതി ആർട്ട്സ് പ്രസിഡണ്ട് സി. പ്രതാപൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യാതിഥിയായിരുന്നു. ഓംചേരി എൻ.എൻ. പിള്ള, കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ, കെ.മാധവൻ നായർ, കെ.എൻ. ജയരാജ് എന്നിവർ ആശംസകൾ നേർന്നു. പരിപാടിയുടെ ചീഫ് കോ ഓർഡിനേറ്റർ ടി.കെ. മുരളീധരൻ കൃതജ്ഞത പറഞ്ഞു.

ചടങ്ങിൽ പ്രമുഖ സിനിമാ താരങ്ങളായ ദേവൻ, കൊല്ലം തുളസി, സുബി സുരേഷ്, സംവിധായകൻ എം.മോഹനൻ, പ്രതീഷ് കോവൂർ, ബോബി ചെമ്മണ്ണൂർ, പി. ഉണ്ണികൃഷ്ണൻ ചടയമംഗലം (ഖത്തർ), ഫാ. സണ്ണി ജോസഫ് മാവേലി (മേഘാലയ) എന്നിവർക്ക് ശ്രുതി ആർട്ട്സിന്‍റെ വേൾഡ് മലയാളി എക്സെലെൻസ് അവാർഡ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമ്മാനിച്ചു.

നൂറുശതമാനം വിജയം കൈവരിച്ച കാനിംഗ് റോഡ്, വികാസ് പുരി, ആർ.കെ.പുരം, മയൂർ വിഹാർ ഫേസ്3 എന്നീ കേരളാ സ്കൂളുകളിലെ പ്രിൻസിപ്പാൾമാരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മികവിന്‍റെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ആതുര സേവന രംഗത്തെ മികവിനു ടി.പി. സുരേഷിനും പ്രത്യേക പുരസ്കാരം മജീഷ്യൻ വിൽസണ്‍ ചന്പക്കുളത്തിനും നൽകി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തെ അധ്യാപന രംഗത്തെ മികവിന് ത്രിലോക്പുരി നവശക്തി പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ഷൈലജാ ശശിധരനും പ്രത്യേകം പുരസ്കാരങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു.

ക്രിസിന ജോർജും അരുണിമ മുരളീധരനും അവതാരകരായിരുന്നു. തുടർന്ന് നടന്ന ഹാസ്യ സംഗീത നൃത്ത സന്ധ്യയിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മലയാളികളെ കൂടാതെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി