തെരഞ്ഞെടുപ്പിനെ ചൊല്ലിയും ജർമനി - തുർക്കി തർക്കം
Monday, August 21, 2017 8:24 AM IST
ബർലിൻ: ജർമൻ തെരഞ്ഞെടുപ്പിൽ തുർക്കിയുടെ ശത്രുക്കൾക്ക് വോട്ട് ചെയ്യരുതെന്ന് തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എർദോഗാൻ തുർക്കി വംശജരോട് ആഹ്വാനം ചെയ്തത് പുതിയ സംഘർഷത്തിനു തുടക്കമിട്ടു. ഈ ആഹ്വാനത്തോട് ജർമനി നടത്തിയ പ്രതികരണത്തെ ധാർഷ്ട്യമെന്നാണ് തുർക്കി ഇപ്പോൾ വിശേഷിപ്പിക്കുന്നത്.

ചാൻസലർ അംഗല മെർക്കലിന്‍റെ സിഡിയു പ്രതിപക്ഷ പാർട്ടിയായ എസ്പിഡി, പരിസ്ഥിതി പാർട്ടിയായ ഗ്രീൻ പാർട്ടി എന്നിവരെയാണ് തുർക്കിയുടെ ശത്രുക്കളായി ഉർദുഗാൻ വിശേഷിപ്പിച്ചത്. അസാധാരണമായ ഇടപെടൽ എന്നാണ് എസ്പിഡി നേതാവും തുർക്കി വിദേശകാര്യ മന്ത്രിയുമായ സിഗ്മർ ഗബ്രിയേൽ എർദോഗാന്‍റെ ആഹ്വാനത്തെ വിശേഷിപ്പിച്ചത്. വിദേശ സർക്കാരുകൾ ജർമനിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ജർമനിയിലെ തുർക്കി വംശജരോടുള്ള ആഹ്വാനമാണ് ഉർദുഗാൻ നടത്തിയതെന്നും, അതിൽ തെറ്റൊന്നുമില്ലെന്നും തുർക്കി ഉപപ്രധാനമന്ത്രിയും സർക്കാർ വക്താവുമായ ബെകിർ ബോസ്ദാഗ് അവകാശപ്പെട്ടു. ഇതിനെതിരേ അപമാനകരമായ ഭാഷയിൽ ധാർഷ്ട്യം നിറഞ്ഞ പ്രതികരണങ്ങളാണ് ജർമൻ നേതാക്കൾ നടത്തുന്നതെന്നും ബോസ്ദാഗ്.

ഏപ്രിൽ 16ന് തുർക്കി നടത്തിയ ജനഹിത പരിശോധനയിൽ ജർമൻ ഇടപെടൽ വ്യക്തമായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. പ്രസിഡന്‍റിന്‍റെ അധികാരങ്ങൾ വിപുലീകരിക്കാൻ നടത്തിയ ഹിതപരിശോധനയിൽ ജർമനി എതിർ നിലപാടായിരുന്നു സ്വീകരിച്ചതെന്നും ബോസ്ദാഗ്.

ജർമൻ വിദേശകാര്യ മന്ത്രി സ്വന്തം പരിമിതികൾ തിരിച്ചറിയണമെന്നാണ് എർദോഗാന്‍റെ പ്രതികരണം. തുർക്കിയുടെ പ്രസിഡന്‍റിനോടാണു സംസാരിക്കുന്നതെന്നോർക്കണം. ഞങ്ങളെ പാഠം പഠിപ്പിക്കാനാണ് അയാൽ ശ്രമിക്കുന്നത്. എത്ര കാലമായി നിങ്ങൾ രാഷ്ട്രീയത്തിൽ വന്നിട്ട് എത്ര വയസുണ്ട് നിങ്ങൾക്ക്? - എർദോഗാൻ ചോദിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ