ഓണത്തിനോടാൻ കേരള വണ്ടിയില്ലേ?; കർണാടക ആർടിസി സ്പെഷൽ ബസുകളുടെ ബുക്കിംഗ് തുടങ്ങി
Friday, August 11, 2017 12:51 AM IST
ബംഗളൂരു: ഓണാവധിക്ക് കേരളത്തിലേക്കുള്ള തിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി പ്രഖ്യാപിച്ച സ്പെഷൽ ബസുകളിൽ റിസർവേഷൻ തകൃതി. മിക്ക ബസുകളിലെയും 90 ശതമാനത്തിലേറെ ടിക്കറ്റുകളും തീർന്നു. യാത്രാത്തിരക്ക് കൂടുതലുള്ള സെപ്റ്റംബർ ഒന്നിന് 13 സർവീസുകളാണ് കർണാടക ആർടിസി നടത്തുന്നത്. തിരക്ക് അനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്നും ആർടിസി അധികൃതർ അറിയിച്ചു.

എറണാകുളം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ വോൾവോ ബസുകൾ സർവീസ് നടത്തുന്നത്. ഇവയിൽ പാലക്കാട്, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ സേലം വഴിയാണ് സർവീസ് നടത്തുന്നത്. എറണാകുളത്തേക്കുള്ള രണ്ടു ബസുകൾ സേലം വഴിയും ഒരെണ്ണം മൈസൂരു വഴിയുമാണ്. കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലേക്കും സ്പെഷൽ ബസുകൾ പ്രഖ്യാപിക്കും. മൈസൂരുവിൽ നിന്ന് കോട്ടയത്തേക്കും എറണാകുളത്തേക്കും സ്പെഷൽ ബസുകൾ സർവീസ് നടത്തും. സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ചയായതിനാൽ കർണാടക ആർടിസിയുടെ പത്ത് വാരാന്ത്യ സ്പെഷൽ ബസുകളും യാത്രക്കാർക്ക് ആശ്വാസമാകും.

അതേസമയം, കേരള ആർടിസിയുടെ സ്പെഷൽ ബസുകൾ സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല. ഓണാവധിക്ക് ഇനി ഒരു മാസത്തിനടുത്ത് മാത്രം ശേഷിക്കേ തീരുമാനം വൈകുന്നത് യാത്രക്കാർക്ക് പ്രതിസന്ധിയാകും.
സ്പെഷൽ ബസുകൾ ഉണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും അവയുടെ എണ്ണം സംബന്ധിച്ച് അറിവായിട്ടില്ല.