ജനപങ്കാളിത്ത വികസനത്തിന് പ്രവാസികളുടെ പങ്ക് അനിവാര്യം: കോടിയേരി ബാലകൃഷ്ണൻ
Wednesday, August 2, 2017 5:25 AM IST
മെൽബണ്‍: കേരളത്തിൽ സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ജനപങ്കാളിത്ത വികസനത്തിന് പ്രവാസികളുടെ പങ്ക് അനിവാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മെൽബണിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ഗ്രാൻമയുടെ കുടുംബ സംഗമത്തിൽ ടെലിഫോണിലൂടെ സംഘടനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ ജനാധിപത്യം, മതനിരപേക്ഷത, സ്വതന്ത്ര പരമാധികാരം എന്നിവയെ വെല്ലുവിളിക്കുകയാണ്. സ്വന്തം വിശ്വാസങ്ങൾ വച്ച് പുലർത്താൻ സാധിക്കാത്ത രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സമരം ചെയ്ത നഴ്സുമാരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിച്ചു കൊടുത്ത കേരള സർക്കാരിനേയും അതിന് മുൻകൈ എടുത്ത മുഖ്യമന്ത്രി പിണറായി വിജയനേയും യോഗത്തിൽ അനുമോദിച്ചു.

കേരളത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ച് അഴിമതി ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനുള്ള ബിജെപി ആർഎസ്എസ് സംഘനകളുടെ ജനവിരുദ്ധ നിലപാടിനെ യോഗം അപലപിച്ചു.

യോഗത്തിൽ ഗ്രാൻമ പ്രസിഡന്‍റ് പ്രമോദ് ലാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്. അമേഷ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി.