ചിക്കുൻ ഗുനിയ: ഒന്നാം സ്ഥാനത്ത് കർണാടക
Wednesday, August 2, 2017 5:12 AM IST
ബംഗളൂരു: പനിക്കിടക്കയിലായ സംസ്ഥാനത്തിന് കൂടുതൽ പ്രഹരമേകി പുതിയ കണക്കുകൾ. നാഷണൽ വെക്ടർ ബോണ്‍ ഡിസീസ് കണ്‍ട്രോൾ പ്രോഗ്രാം (എൻവിബിഡിസിപി) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തെ 52 ശതമാനം ചിക്കുൻ ഗുനിയ കേസുകളും കർണാടകയിലാണ് റിപ്പോർട്ട് ചെയ്തത്. ജൂലൈ 23 വരെ രാജ്യത്ത് 16,976 ചിക്കുൻ ഗുനിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 8,930 കേസുകളും കർണാടകയിലാണെന്നാണ് എൻവിബിഡിസിപിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയും (2,379) ഗുജറാത്തുമാണ് (2,103) കർണാടകയ്ക്കു തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ.

സംസ്ഥാനത്തിന്‍റെ കണക്കുകൾ പ്രകാരം ജൂലൈ 25 വരെ ചിക്കുൻഗുനിയ സംശയിക്കുന്ന 9,448 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,880 രക്തസാംപിളുകൾ പരിശോധിച്ചതിൽ 900 സാംപിളുകളിൽ ചിക്കുൻഗുനിയ സ്ഥിരീകരിച്ചു. 25ന് മാത്രം 73 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, ഇതുവരെ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചിക്കുൻഗുനിയ കേസുകൾ റിപ്പോർട്ട് ചെയ്തത് ചാമരാജനഗറിലാണ് . 1420 കേസുകൾ. തുമകുരു (1419), മാണ്ഡ്യ (1079), കാലാബുരാഗി (1071), ബംഗളൂരു അർബൻ (850) ജില്ലകളാണ് തൊട്ടുപിന്നിൽ.