ഇന്ദിര കാൻറീൻ പദ്ധതി: സ്വാതന്ത്ര്യദിനത്തിൽ തുറക്കുക 125 കാൻറീനുകൾ മാത്രം
Wednesday, July 26, 2017 12:45 AM IST
ബംഗളൂരു: തമിഴ്നാട്ടിലെ അമ്മ കാൻറീൻ മാതൃകയിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ മികച്ച ഭക്ഷണം ലഭ്യമാക്കാൻ സിദ്ധരാമയ്യ സർക്കാർ ആവിഷ്കരിച്ച ഇന്ദിര കാൻറീൻ പദ്ധതി വൈകുന്നു. നഗരത്തിലെ ബിബിഎംപി പരിധിയിൽ വരുന്ന 198 വാർഡുകളിലും കാൻറീൻ സ്ഥാപിച്ച് സ്വാതന്ത്ര്യദിനത്തിൽ ഉദ്ഘാടനം നടത്താമെന്നാണ് സർക്കാർ തീരുമാനിച്ചിരുന്നത്.

എന്നാൽ ഓഗസ്റ്റ് 15ന് 125 കാൻറീനുകൾ മാത്രമേ പ്രവർത്തനം ആരംഭിക്കുകയുള്ളൂ. ബാക്കിയുള്ള 73 കാൻറീനുകൾ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് പ്രവർത്തനം ആരംഭിക്കും. അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാതെ വന്നതോടെയാണ് പദ്ധതി വൈകുന്നത്. സ്ഥലം കണ്ടെത്തിയ ചിലയിടങ്ങളിൽ ബംഗളൂരു വികസന അതോറിറ്റിയും (ബിഡിഎ) ബിബിഎംപിയും തമ്മിൽ തർക്കം നടക്കുന്നതും കാൻറീൻ നിർമാണം തടസപ്പെടുത്തി. ഇനിയും 67 വാർഡുകളിൽ കൂടി സ്ഥലം കണ്ടെത്താനുണ്ട്.

മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബജറ്റിൻറെ ഭാഗമായി ഇന്ദിര കാൻറീൻ പദ്ധതി പ്രഖ്യാപിച്ചത്. ബിബിഎംപിക്കാണ് കാൻറീനുകളുടെ ചുമതല. ഇന്ദിര കാൻറീനുകൾ നിലവിൽ വന്നാൽ ജനങ്ങൾക്ക് അഞ്ചു രൂപയ്ക്ക് പ്രഭാതഭക്ഷണം കഴിക്കാൻ സാധിക്കും. ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണത്തിന് പത്തു രൂപയായിരിക്കും നിരക്ക്. ഭക്ഷണം ഒന്നിച്ചു പാകംചെയ്ത് കാൻറീനുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. ഭക്ഷണം തയാറാക്കുന്നതിനായി ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു പാചകശാല സ്ഥാപിക്കുന്നുണ്ട്.