മാക്രോണിന്‍റെ ജനപ്രീതി ഇടിയുന്നു
Monday, July 24, 2017 7:40 AM IST
പാരീസ്: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജയിക്കുകയും തുടർന്നു വന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ വൻ വിജയത്തിലേക്കു നയിക്കുകയും ചെയ്ത നേതാവാണ് ഇമ്മാനുവൽ മാക്രോണ്‍. എന്നാൽ, ഭരണം തുടങ്ങിയതോടെ അദ്ദേഹത്തിന്‍റെ ജനപ്രീതിയിൽ ഗണ്യമായി ഇടിവ് നേരിടുന്നതായി സർവേയിൽ വ്യക്തമാകുന്നു.

നിലവിൽ 54 ശതമാനം ഫ്രഞ്ചുകാരാണ് ഭരണത്തിൽ തൃപ്തി രേഖപ്പെടുത്തുന്നത്. ഒറ്റ മാസത്തിനുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്നത് പത്ത് പോയിന്‍റിന്‍റെ ഇടിവ്. ഇതിനു മുൻപ് ജനപ്രീതിയിൽ ഇതിലും വലിയ ഇടിവ് മറ്റേതെങ്കിലും പ്രസിഡന്‍റിന് ഇത്ര ചുരുങ്ങിയ കാലയളവിൽ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് ഷാക്ക് ഷിറാക്കിനു മാത്രമാണ്. 1995ൽ മേയ് മുതൽ ജൂണ്‍ വരെ 15 പോയിന്‍റ് ഇടിവാണ് ഷിറാക്ക് ഭരണകൂടത്തിന്‍റെ ജനപ്രീതിയിൽ ഉണ്ടായിട്ടുള്ളത്.

തൊഴിൽ മേഖലയിൽ മാക്രോണ്‍ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളാണ് ജനപ്രീതിയെ ബാധിച്ചതെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി ചെലവ് ചുരുക്കൽ നടപടികളും മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. മാക്രോണുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പിയറി ഡി വില്ലിയേഴ്സ് രാജിവച്ചിരുന്നു. നാലു മന്ത്രിമാർ വിവിധ ആരോപണങ്ങളെത്തുടർന്ന് രാജിവച്ചു. ഇതെല്ലാം ജനപ്രീതിയെ ബാധിച്ചു എന്നാണ് വിലയിരുത്തൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ