ആൻഡ്രൂ അച്ചന്‍റെ പൗരോഹിത്യ സൂവർണ ജൂബിലി സിഡ്നി മലയാളി കത്തോലിക്കാ സമൂഹം ആഘോഷിച്ചു
Monday, July 24, 2017 6:36 AM IST
സിഡ്നി: സിഡ്നിയിൽ കുടിയേറി സ്ഥിരതാമസമാക്കിയ ആദ്യത്തെ മലയാളി കത്തോലിക്കാ വൈദികനും സൊസൈറ്റി ഓഫ് സെന്‍റ് പോൾ സഭാംഗുമായ ആൻഡ്രു പുതുശേരി അച്ചന്‍റെ പൗരോഹിത്യ സൂവർണജൂബിലി സിഡ്നിയിലെ മലയാളി കത്തോലിക്കാ സമൂഹം റീത്തുകൾക്കതീതമായി ഒത്തുചേർന്നു ഭക്ത്യാദരപൂർവം ആഘോഷിച്ചു.

സ്ട്രാത്ഫീൽഡിലെ സെന്‍റ് മാർത്താസ് പള്ളിയിൽ ജൂലൈ അഞ്ചിന് ഞായറാഴ്ച രാവിലെ 11ന് ആൻഡ്രു അച്ചന്‍റെ മുഖ്യകാർമികത്വത്തിൽ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ആറു മലയാളി വൈദികരുടെ സഹകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ലാറ്റിൻ ക്രമത്തിലുള്ള പാട്ടുകുർബാനയോടെ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. തുടർന്ന് പള്ളിമേടയിൽ നടന്ന അനുമോദനയോഗത്തിൽ നൂറിലധികം മലയാളി കത്തോലിക്കർ പങ്കെടുത്തു. കേരളീയ രീതിയിൽ നടന്ന അനുമോദനയോഗത്തിൽ നൂറിലധികം മലയാളി കത്തോലിക്കർ പങ്കെടുത്തു. കേരളതനിമയിൽ തയ്യാറാക്കിയ ഉച്ചഭക്ഷണവും അതോടൊപ്പം അവതരിപ്പിക്കപ്പെട്ട കലാപരിപാടികളും ഏവരും ഹൃദ്യമായി ആസ്വദിച്ചു.

ബാൽമെയ്ൻ പള്ളി വികാരി സാലസ് അച്ചന്‍റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട 10 പേരടങ്ങിയ ജൂബിലി കമ്മിറ്റിയാണ് ജൂബിലി ആഘോഷം സംഘടിപ്പിച്ചത്. ലൂസി ആന്‍റണിയും നുബിയയും ചേർന്നു ആലപിച്ച പ്രാർത്ഥനാ ഗാനത്തോടെ അനുമോദനയോഗ നടപടികൾ ആരംഭിച്ചു. റിതം ജോസ് സ്വാഗതം ആശംസിച്ചു. തുടർന്ന് ആൻഡ്രൂ അച്ചന്‍റെ എണ്‍പതു സംവത്സരം നീണ്ട ജീവിതചരിത്രം ചുരുങ്ങിയ വാക്കുകളിൽ ജേക്കബ് തോമസ് അവതരിപ്പിച്ചു. ആൻഡ്രൂ അച്ചന്‍റെ ജീവിതത്തിലെ പ്രധാന ഏടുകൾ ഉൾപ്പെടുത്തി ആന്‍റണി തയ്യാറാക്കിയ പവർ പോയിന്‍റ് പ്രെസെന്േ‍റഷനും അതോടൊപ്പം പ്രദർശിപ്പക്കപ്പെട്ടു. വൈദികരെ പ്രതിനിധീകരിച്ചു മാണി അച്ചനും അൽമായരെ പ്രതിനിധീകരിച്ചു കെ.പി. ജോസും വനിതകളെ പ്രതിനിധീകരിച്ച് ബീന ജേക്കബും ആശംസാ പ്രസംഗങ്ങൾ നടത്തി.

സിഡ്നി മലയാളി റോമൻ കത്തോലിക്കാ ഗായകസംഘം ജൂബിലി ഗാനം ആലപിച്ചു. നിൻ സ്വരം തേടി ഞാൻ വന്നു, യേശുവേ എന്ന പ്രസിദ്ധമായ ഭക്തിഗാനത്തിനു ചുവടുവച്ചു കുമാരി ലെനാ റെജിൻ അവതരിപ്പിച്ച നൃത്തം വളരെ ആകർഷകവും ഭക്തിനിർഭരവും ജൂബിലി ആഘോഷത്തിനു തികച്ചും ഉചിതവുമായിരുന്നു.

സിഡ്നി മലയാളി റോമൻ കത്തോലിക്കാ സമൂഹത്തിന്‍റെ സ്നേഹാദരവുകളുടെ പ്രതീകമായി ഒരു മെമ്മൊന്േ‍റാ ജൂബിലി കമ്മിറ്റിയംഗം ആന്‍റണി യേശുദാസൻ, ആൻഡ്രൂ അച്ചനു നൽകുകയുണ്ടായി. മഞ്ജു ജോർജ് പൂച്ചെണ്ടു നൽകി അച്ചനെ അനുമോദിച്ചു. സിഡ്നിയിലെ മലയാളി കത്തോലിക്കാ സമൂഹം തന്നോടു പ്രകടിപ്പിച്ച സ്നേഹാദരവുകൾക്കു നന്ദി പറഞ്ഞുകൊണ്ട് ആൻഡൂ അച്ചൻ നടത്തിയ മറുപടി പ്രസംഗം ലളിതവും ഹൃദയസ്പർശിയുമായിരുന്നു. ജൂബിലി കമ്മിറ്റി കണ്‍വീനർ സാലസ് അച്ചന്‍റ നന്ദി പ്രകാശനത്തോടെ ആഘോഷപരിപാടികൾ സമാപിച്ചു.

1982ൽ ഓസ്ട്രേലിയായിലെത്തിയ ആൻഡ്രൂ അച്ചൻ അന്ന് സിഡ്നിയിലുണ്ടായിരുന്ന എണ്ണത്തിൽ വളരെ കുറവായിരുന്ന മലയാളി കത്തോലിക്കാ സമൂഹത്തിനായി മലയാളത്തിൽ ആദ്യമായി കുർബാന അർപ്പിക്കുവാൻ ചരിത്രപരമായ ഭാഗ്യം ലഭിച്ച വൈദികനയായിരുന്നു. സിഡ്നി മലയാളി കത്തോലിക്കാ സമൂഹത്തിലെ ആദ്യകാല അംഗങ്ങൾക്ക് വളരെ കാലത്തിനുശേഷം ഒത്തുചേരുവാനും സൗഹൃദം പുതുക്കുവാനും ഓർമ്മകൾ അയവിറക്കുവാനും ലഭിച്ച ഒരു സുവർണാവസരമായിരുന്നു ഈ ജൂബിലി ആഘോഷം.

റിപ്പോർട്ട്: ജേക്കബ് തോമസ്