ജർമനി - തുർക്കി പോരു മുറുകുന്നു; ജർമൻ പൗരന്മാർക്ക് മുന്നറിയിപ്പ്
Friday, July 21, 2017 4:20 AM IST
ബെർലിൻ: ജർമനും തുർക്കിയും തമ്മിൽ നയതന്ത്രബന്ധത്തിൽ ശക്തമായ പോരു മുറുകിയതോടെ ജർമനി പൗരന്മാർക്ക് മുന്നറിയിപ്പു നൽകി. സ്വകാര്യമോ ബിസിനസുമായി ബന്ധപ്പെട്ടോ തുർക്കിയിലേയ്ക്കു പോകുന്ന ജർമൻ പൗരന്മാർ കൂടുതൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജർമൻ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം തുർക്കി അറസ്റ്റുചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ പീറ്റർ സ്റ്റുട്നറുടെ വിഷയത്തിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോൾ കൂടുതൽ ഇടഞ്ഞിരിക്കുന്നത്.

വിഷയത്തിൽ ജർമൻ വിദേശകാര്യമന്ത്രിയും ഉപചാൻസലറുമായ സീഗ്മാർ ഗാബ്രിയേൽ ശക്തമായ ഭാഷയിൽ തുർക്കിയെ വിമർശിക്കുക മാത്രമല്ല അന്ത്യശാസനയും നൽകിയിരിക്കുകയാണ്.

ഫെബ്രുവരി 18 ന് ജർമൻ പത്രമായ ദി വെൽറ്റിന്‍റെ തുർക്കി കറസ്പോണ്ടന്‍റായ ഡെനീസിനെ തുർക്കി പോലീസ് കസ്റ്റഡിയിലെടുത്ത് ജയിലിൽ അടച്ചിരിക്കുകയാണ്. ഇദ്ദേഹത്തതിനെതിരെ തീവ്രവാദകുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ജർമനി പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ ഇയാളെ ജയിൽ മുക്തനാക്കിയിട്ടില്ല.

ജർമനി തുർക്കി അംബാസഡറെ വിളിച്ചുവരുത്തി

ജർമൻകാരനായ മനുഷ്യാവകാശ പ്രവർത്തകൻ പീറ്റർ സ്റ്റ്യൂഡ്നറെ തുർക്കി അറസ്റ്റ് ചെയ്ത് തടവിൽ വച്ചിരിക്കുന്നതിൽ പ്രതിഷേധം അറിയിക്കാൻ തുർക്കി അംബാസഡറെ ജർമൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി ജർമൻ സർക്കാരിന്‍റെ ശക്തമായ പ്രതിഷേധം തുർക്കിയെ അറിയിച്ചതായി വിദേശ മന്ത്രാലയ വക്താവ് മാർട്ടിൻ ഷാഫർ പറഞ്ഞു. പീറ്ററിനെയും ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ തുർക്കി ഡയറക്ടറെയും കൂടാതെ മറ്റു നാലു പേരെ കൂടി തുർക്കി തടവിൽ വച്ചിരിക്കുകയാണ്. തീവ്രവാദ സംഘടനകളിൽ അംഗമാകാതെ തന്നെ അവരുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നു എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ