ജർമൻ മനുഷ്യാവകാശ പ്രവർത്തകനെ തുർക്കി കസ്റ്റഡിയിലെടുത്തു
Wednesday, July 19, 2017 7:58 AM IST
ബെർലിൻ: ജർമൻ മനുഷ്യാവകാശ പ്രവർത്തകൻ പീറ്റർ സ്റ്റ്യൂഡ്റ്റ്നറെ കസ്റ്റഡിയിലെടുത്ത തുർക്കി അധികൃതരുടെ നടപടിയിൽ ജർമനിയുടെ രൂക്ഷവിമർശം. കസ്റ്റഡി നീതീകരിക്കാൻ കഴിയുന്നതല്ലെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ വക്താവ് സ്റ്റീഫൻ സൈബർട്ട്.

ഭീകരവാദ സംഘടനയെ സഹായിച്ചു എന്ന കുറ്റം ചുമത്തി പീറ്റർ ഉൾപ്പെടെ ആറു മനുഷ്യാവകാശ പ്രവർത്തകരെയാണ് തുർക്കി ഏറ്റവുമൊടുവിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അദ്ദേഹത്തിന് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് സൈബർട്ട് വ്യക്തമാക്കി.

ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ തുർക്കി ഡയറക്ടർ ഇദിൽ ഇശർ അടക്കമുള്ളവരെ തുർക്കി കോടതിയുടെ ഉത്തരവനുസരിച്ചാണ് പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഇസ്താംബുളിൽ നടന്ന ഡിജിറ്റൽ സെക്യൂരിറ്റി ആൻഡ് ഇൻഫർമേഷൻ വർക്ഷോപ്പിനിടെയായിരുന്നു അറസ്റ്റ്. പീറ്ററും സ്വീഡൻകാരനായ ഇദിലുമാണ് വർക്ഷോപ്പ് നയിച്ചിരുന്നത്.

ഭീകര സംഘടനയിൽ അംഗമാകാതെ തന്നെ അവർക്കായി പ്രവർത്തിക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് തുർക്കി പോലീസ് ആരോപിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ