വാൽസിംഹാം നമ്മുടെ സ്വപ്നദേശം: മാർ ജോസഫ് സ്രാന്പിക്കൽ
Monday, July 17, 2017 8:16 AM IST
വാൽസിംഹാം: പരിശുദ്ധ കന്യാമറിയത്തിന്‍റെ പ്രത്യക്ഷീകരണം കൊണ്ടും സ്വർഗീയ സാന്നിധ്യം കൊണ്ടും അനുഗ്രഹീതമായ വാൽസിംഹാം എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും പുണ്യദേശമാണെന്ന് തീർഥാടനത്തോടനുബന്ധിച്ചു നടന്ന ദിവ്യബലിയിൽ മുഖ്യകാർമികനായിരുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ അഭിപ്രായപ്പെട്ടു.

പാപരഹിതയും സ്വർഗാരോപിതയുമായ കന്യാമറിയം ദൈവത്തിന്‍റെ എല്ലാ നിർദ്ദേശങ്ങളോടും ന്ധആമേൻ’’ എന്ന് പറയാൻ കാണിച്ച സ·നസാണ് അവളെ സ്വർഗീയ റാണിയായി ഉയർത്തുവാൻ കാരണമെന്നും ദൈവഹിതത്തിനു ആമേൻ പറയുവാൻ പരിശുദ്ധ കന്യാമറിയത്തെപോലെ നമുക്കും ആവണമെന്നും തിരുനാൾ സന്ദേശത്തിൽ മാർ സ്രാന്പിക്കൽ ഓർമിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയോടും സഭാപ്രവർത്തനങ്ങളോടും വിശ്വാസികൾ കാണിക്കുന്ന ആത്മാർഥതയ്ക്കും താത്പര്യത്തിനും നന്ദി പറയുന്നതായും യുകെയിലെ സീറോ മലബാർ കുടുംബങ്ങൾ മറ്റെല്ലാ ക്രൈസ്തവ കുടുംബങ്ങൾക്കും വിശ്വാസ കാര്യത്തിൽ മാതൃകയാണെന്നും മാർ സ്രാന്പിക്കൽ കൂട്ടിച്ചേർത്തു. യുകെയിൽ പ്രവാസികളായി പാർക്കുന്ന എല്ലാവർക്കും വാൽസിംഹാം മാതാവിന്‍റെ സംരക്ഷണം എപ്പോഴും ഉണ്ടാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രാർഥന സ്തുതികളും മരിയ ഗീതങ്ങളും ഭക്തിസാന്ദ്രമാക്കിയ ആത്മീയ അന്തരീക്ഷത്തിൽ വാൽസിംഹാം മാതാവിന്‍റെ തിരുനാൾ ഭക്തിസഹസ്രങ്ങൾക്ക് സ്വർഗീയാനുഭൂതിയായി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടന്ന ആദ്യ വാൽസിംഹാം തീർഥാടനത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി ആയിരങ്ങളാണ് മാതൃസന്നിധിയിലേക്ക് ഒഴുകിയെത്തിയത്.

യുകെയിലുള്ള സീറോ മലബാർ വിശ്വാസികൾക്കായി രൂപത’ പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയതിന്‍റെ ഒന്നാം വാർഷികവും കർമ്മലമാതാവിന്‍റെ തിരുനാളും ഒന്നിച്ചു വരുന്ന അപൂർവദിനം കൂടിയായിരുന്നു ജൂലൈ 16.

രാവിലെ ഒന്പതിന് ജപമാല പ്രാർഥനയോടെ തീർഥാടനത്തിന് തുടക്കം കുറിച്ചു. തുടർന്ന് ഫാ. സോജി ഓലിക്കലും ഫാ. അരുണ്‍ കലമറ്റവും മാതൃഭക്തിയുടെ പ്രാധാന്യത്തെ കുറിച്ചും തീർഥാടനങ്ങളുടെ പ്രസക്തിയെ കുറിച്ചും സംസാരിച്ചു. വാൽസിംഹാം മാതാവിന്‍റെ തിരുസ്വരൂപം വെഞ്ചെരിച്ച് പ്രതിഷ്ഠിച്ചു മാർ ജോസഫ് സ്രാന്പിക്കൽ പ്രത്യേക പ്രാർഥനകൾ നടത്തി. മറിയം സ്വർഗീയ രാഞ്ജിയാണെന്ന സഭയുടെ പ്രബോധനത്തിന്‍റെ പ്രകാശനമായി മാർ സ്രാന്പിക്കൽ മാതാവിന്‍റെ രൂപത്തിൽ കിരീടധാരണവും നടത്തി. തുടർന്ന് നേർച്ച വെഞ്ചെരിപ്പും നടന്നു.

11.30 മുതൽ 1.30 വരെ അടിമസമർപ്പണത്തിന്‍റെയും വ്യക്തിപരമായ പ്രാർഥനകൾക്കും ഉച്ചഭക്ഷണത്തിനുമായി മാറ്റിവച്ചിരുന്നു. ഉച്ചകഴിഞ്ഞ് 1.30ന് ആരംഭിച്ച പ്രസിദ്ധമായ ജപമാല പ്രദക്ഷിണത്തിൽ വിശ്വാസികൾ ഭക്തിപൂർവം പങ്കുചേർന്നു. തീർഥാടകരെ അഭിസംബോധന ചെയ്ത് സംസാരിച്ച ഈസ്റ്റ് ആംഗ്ലിയ രൂപത ബിഷപ് അലൻ ഹോപ്സും ഷ്റിൻ ഹെക്റ്ററും ബ്രിട്ടനിൽ സീറോ മലബാർ സഭ നൽകുന്ന ഉത്തമ വിശ്വാസ സാക്ഷ്യത്തിന് നന്ദി പറഞ്ഞു. തുടർന്നു നടന്ന ദിവ്യബലിയിൽ മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യകാർമികത്വം വഹിച്ചു. 25 ൽ അധികം വൈദികർ സഹകാർമികരായിരുന്നു. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിൽ ഗായകസംഘം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. തിരുനാളിനു നേതൃത്വം നൽകിയ ഫാ. ടെറിൻ മുല്ലക്കര, സഡ്ബറി കമ്യൂണിറ്റി, അടുത്ത വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തുന്ന കിംഗ്സ്ലിൻ കമ്യൂണിറ്റി തുടങ്ങിയവർക്കായുള്ള പ്രത്യേക പ്രാർഥനയും നടന്നു.

ഫാ. ഫിലിപ്പ് പന്തമാക്കലിന്‍റെ നേതൃത്വത്തിലുള്ള കിംഗ്സ്ലിൻ കമ്യൂണിറ്റിയിലെ അംഗങ്ങളായിരിക്കും അടുത്ത വർഷത്തെ തിരുനാളിനു ആതിഥ്യമരുളുന്നത്. തിരുനാൾ ജനറൽ കണ്‍വീനർ ഫാ. ടെറിൻ മുല്ലക്കര, രൂപത വികാരി ജനറാൾ ഫാ. സജിമോൻ മലയിൽ പുത്തൻപുര എന്നിവർ സംസാരിച്ചു. തിരുനാളിന്‍റെ വിജയത്തിനുവേണ്ടി സഡ്ബറി കമ്യൂണിറ്റി കഴിഞ്ഞ ഒരു വർഷമായി നടത്തിവന്ന ഒരുക്കങ്ങളെയും ത്യാഗങ്ങളെയും മാർ സ്രാന്പിക്കൽ പ്രത്യേകം അഭിനന്ദിച്ചു.

റിപ്പോർട്ട്: ഫാ. ബിജു ജോസഫ് കുന്നക്കാട്ട്