കുതിരമാംസ റാക്കറ്റിനെതിരേ യൂറോപ്പിൽ നടപടി തുടങ്ങി
Monday, July 17, 2017 8:13 AM IST
ബ്രസൽസ്: ബീഫ് എന്ന പേരിൽ കുതിര മാംസം വിൽക്കുന്ന വൻ റാക്കറ്റ് പോലീസ് പിടിയിലായി. സ്പാനിഷ് പോലീസിന്‍റെ നേതൃത്വത്തിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ പരിശോധനയിലാണ് നടപടി. 65 പേരെ അറസ്റ്റ് ചെയ്തു.

മനുഷ്യർക്ക് കഴിക്കാൻ യോഗ്യമല്ലാത്ത മാംസം വിറ്റഴിച്ചതിനാണ് കേസ്. മൃഗ പീഡനം, വ്യാജം, കള്ളപ്പണം വെളുപ്പിക്കൽ, സംഘം ചേർന്നുള്ള കുറ്റകൃത്യങ്ങൾ എന്നീ വകുപ്പുകളും ഈ സംഘത്തിന്േ‍റമേൽ ചുമത്തിയിട്ടുണ്ട്.

പോർച്ചുഗലിൽനിന്നും സ്പെയ്നിൽനിന്നുമാണ് കൂടുതൽ കുതിരം മാംസം യൂറോപ്പിൽ വിറ്റഴിക്കപ്പെടുന്നത്. ഈ റാക്കറ്റിനു നേതൃത്വം നൽകിയെന്നു കരുതപ്പെടുന്ന ഡച്ച് വ്യവസായിയെ ബെൽജിയത്തിൽനിന്ന് അറസ്റ്റ് ചെയ്തു. 2013ൽ അയർലൻഡിൽ ബീഫ് ബർഗറിൽ കുതിരം മാംസം കലർത്തിയ കേസിലും ഇയാളെ അന്വേഷിച്ചു വരികയായിരുന്നു.

മുന്പ് കുതിരം മാംസം വിറ്റ കേസിൽ തട്ടിപ്പ് മാത്രമാണ് ഉൾപ്പെട്ടിരുന്നത്. ഭക്ഷണയോഗ്യമല്ലാത്ത മാംസം എന്നു തെളിയിക്കപ്പെട്ടിരുന്നില്ല. ഇപ്പോൾ ഭക്ഷ്യ സുരക്ഷ കൂടി ഉൾപ്പെട്ട കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ