ബ്രിസ്റ്റോളിൽ ദുക്റാന തിരുനാളും സണ്‍ഡേ സ്കൂൾ വാർഷികാഘോഷവും
Monday, July 17, 2017 5:28 AM IST
ബ്രിസ്റ്റോൾ: ബ്രിസ്റ്റോൾ സെന്‍റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിലെ ദുക്റാന തിരുനാൾ ആഘോഷങ്ങളും ബ്രിസ്റ്റോൾ സെന്‍റ് തോമസ് സീറോ മലബാർ സണ്‍ഡേ സ്കൂൾ വിദ്യാർഥികളുടെ വാർഷികാഘോഷങ്ങളും പ്രൗഡോജ്വലമായി ആഘോഷിച്ചു. ഫിൽട്ടൻ സെന്‍റ് തെരേസാസ് ചർച്ചിൽ ഉച്ചക്ക് ഒന്നിന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ബിജു ചിറ്റുപറന്പൻ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജിമ്മി പുളിക്കകുന്നേൽ തിരുനാൾ സന്ദേശം നൽകി. ഫാ. ബെന്നി മരങ്ങോലിൽ, ഫാ. ജോസ് പൂവനിക്കുന്നേൽ, റവ. ഫാ. സിറിൽ ഇടമന, ഫാ. ജോയി വയലിൽ, ഫാ. പോൾ വെട്ടിക്കാട്ട് എന്നിവർ സഹകാർമികരായിരുന്നു. തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ പ്രദക്ഷിണവും നടന്നു.

ഫിൽട്ടൻ സെന്‍റ് തെരേസാസ് ചർച്ചിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഫാ. ടോം ഫിനഗന് STSMCCയുടെ സ്നേഹോപഹാരം ഫാ. പോൾ വെട്ടിക്കാട്ടും ഫാ. ജോയി വയലിലും ചേർന്ന് സമ്മാനിച്ചു. തുടർന്ന് കഴുന്നു എടുക്കലും പാച്ചോർ നേർച്ചയും നടന്നു.

വൈകുന്നേരം ആറിന് സെന്‍റ് തോമസ് സീറോ മലബാർ സണ്‍ഡേ സ്കൂൾ വിദ്യാർഥികളുടെ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യാതിഥിയായിരുന്നു. വികാരി ഫാ. പോൾ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജെയിംസ് ഫിലിപ്പ് സ്വാഗതവും സണ്‍ഡേ സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിജി വാധ്യാനത്ത് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. മാർ സ്രാന്പിക്കൽ ബ്രിസ്റ്റോൾ ഇടവക സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് നൽകുന്ന സേവനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. ബ്രിസ്റ്റോളിൽ ഓരോ തവണയും താൻ വരുന്പോൾ ഏറെ കാര്യങ്ങൾ മനസിലാക്കുന്നുവെന്നും യുകെയിലുള്ള ഈ സമൂഹത്തിന്‍റെ നന്നായി നടന്നു പോകുന്ന മതബോധന പ്രവർത്തനങ്ങൾ രൂപത മുഴുവൻ വ്യാപിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഫാ. ജോയി വയലിനെ രൂപതാ മതബോധന കേന്ദ്രത്തിന്‍റെ ഡയറക്ടർ ആയി നിയമിച്ചതെന്നും അത് പോലെ തന്നെ ഈ ഇടവക യുകെയിലെ സീറോ മലബാർ വിശ്വാസികൾക്ക് നൽകിയ വലിയ സംഭാവനകളിൽ ഒന്നായ ബ്രിസ്റ്റോൾ ബൈബിൾ കലോത്സവം രൂപതയുടെ കീഴിലുള്ള മുഴുവൻ വിശ്വാസികൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ നടത്തുന്ന ബൈബിൾ കലോത്സവത്തിനെ കുറിച്ച് എടുത്തു പറയുകയും നിരവധി പ്രശ്നങ്ങൾക്കിടയിലും മതബോധന ക്ലാസിൽ തങ്ങളുടെ കുട്ടികളെ അയയ്ക്കുന്ന മാതാപിതാക്കളെയും പഠിപ്പിക്കുന്ന അധ്യാപകരെയും പിതാവ് അഭിനന്ദിച്ചു. തുടർന്ന് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍റെ പ്രഥമ ബൈബിൾകലോത്സവത്തിന്‍റെ വെബ്സൈറ്റിന്‍റെ ഒൗദ്യോഗിക ഉദ്ഘാടനവും പിതാവ് നിർവഹിച്ചു. ഫാ. ജോയി വയലിൽ, ഫാ. സിറിൽ ഇടമന, ഡീക്കൻ ജോസഫ് ഫിലിപ്പ്, ബ്രിസ്റ്റോൾ കാർഡിഫ് റീജണ്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, ട്രസ്റ്റി ലിജോ പടയാറ്റിൽ, പിടിഎ പ്രസിഡന്‍റ് ജോർജ് സെബാസ്റ്റ്യൻ, വിദ്യാർഥികളുടെ പ്രതിനിധി ഡോണാ ജിജി, സിനി ജോമി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് മതബോധന വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും അരങ്ങേറി.

STSMCC യുടെ ട്രസ്റ്റിമാരായ ലിജോ പടയാറ്റിൽ, പ്രസാദ് ജോണ്‍, ജോസ് മാത്യു, വിവിധ കമ്മിറ്റിയംഗങ്ങൾ, മതബോധന അധ്യാപകർ, ഫാമിലി യൂണിറ്റി കോഓർഡിനേറ്റേഴ്സ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജെഗി ജോസഫ്