ട്രംപിന്‍റെ മകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു: റഷ്യൻ ലോബിയിസ്റ്റ്
Saturday, July 15, 2017 8:21 AM IST
മോസ്കോ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ഡോണൾഡ് ട്രംപിന്‍റെ മകൻ ഡോണൾഡ് ട്രംപ് ജൂണിയറുമായി താൻ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് റഷ്യൻ ലോബിയിസ്റ്റ് റിനാറ്റ് അക്മെറ്റ്ഷിൻ.

ട്രംപ് ജൂണിയറും റഷ്യൻ അഭിഭാഷക നതാലിയ വെസെൽനിറ്റ്സ്കായയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഹില്ലരി ക്ലിന്‍റനെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടു എന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് റഷ്യൻ ലോബിയിസ്റ്റിന്‍റെ വെളിപ്പെടുത്തൽ.

ചില വിവരങ്ങൾ കൈവശമുള്ളതായി റഷ്യക്കാർ അറിയിച്ചിരുന്നെങ്കിലും ഇതൊന്നും കൈമാറിയിട്ടില്ലെന്നാണ് ട്രംപ് ജൂണിയർ പറയുന്നത്. എന്നാൽ, കൈമാറ്റം ചെയ്തതായി ഇമെയിൽ രേഖകളിൽ തെളിവുള്ളതായാണ് സൂചന. കൂടിക്കാഴ്ച നടത്തിയ കാര്യം ട്രംപ് ജൂണിയർ നിഷേധിക്കുന്നില്ല.

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടു എന്ന ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. എന്നാൽ, ആരോപണങ്ങൾ റഷ്യൻ അധികൃതർ ആവർത്തിച്ചു നിഷേധിക്കുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ