വാൽസിംഹാം തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
Saturday, July 15, 2017 8:20 AM IST
വാൽസിംഹാം: കാത്തു കാത്തിരുന്ന ദിവസത്തിലേക്ക് ഇനി ഒരു പകലിന്‍റെ ദൂരം മാത്രം. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ രാജ്യങ്ങളിൽ നിന്നും മലയാളി ക്രൈസ്തവർ ഒരുമിച്ചു കൂടുന്ന പ്രസിദ്ധമായ വാൽസിംഹാം തീർഥാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. തിരുനാളിൽ പ്രസുദേന്തിമാരായി നേതൃത്വം നൽകുന്ന സഡ്ബറി കമ്യൂണിറ്റിയും മറ്റു വിവിധ കമ്മിറ്റികളും രക്ഷാധികാരി മാർ ജോസഫ് സ്രാന്പിക്കലിന്‍റെയും ജനറൽ കണ്‍വീനർ ഫാ. ടെറിൻ മുല്ലക്കരയുടെയും നേതൃത്വത്തിൽ തയാറായി കഴിഞ്ഞു. 16ന് (ഞായർ) രാവിലെ ഒന്പതിന് ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്ട്രിയും നേതൃത്വം നൽകുന്ന മരിയൻ ധ്യാനചിന്തകളോടെ ആരംഭിക്കുന്ന ശുശ്രൂഷകൾ, ഉച്ചകഴിഞ്ഞു 3.30ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെയാണ് അവസാനിക്കുന്നത്.

വിവിധ സ്ഥലങ്ങളിൽ നിന്നും തീർഥാടകരായെത്തുന്ന വൈദികരുടെയും വിശ്വാസികളുടെയും ശ്രദ്ധയിലേക്ക് ചില സുപ്രധാന കാര്യങ്ങൾ സംഘാടക സമിതി ഓർമിപ്പിക്കുന്നു: തീർഥാടനത്തിൽ പങ്കെടുക്കുന്ന വൈദികർ അവരവരുടെ കുർബാന കുപ്പായം കൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടതാണ്. കോച്ചുകളിൽ വരുന്നവർ പ്രദക്ഷിണത്തിന് ഉപയോഗിക്കേണ്ട മുത്തുക്കുടകൾ, പൊൻ വെള്ളി കുരിശുകൾ, മെഗാഫോണുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ തുടങ്ങിയവ കരുതേണ്ടതാണ്. വിശുദ്ധ കുർബാനയിൽ സജീവമായി പങ്ക് ചേരാൻ അതാത് സമൂഹങ്ങളിൽ നിന്നും കുർബാന പുസ്തകവും കൊണ്ട് വരാൻ ശ്രദ്ധിക്കേണ്ടതാണ്.

തിരുക്കർമങ്ങളുടെ സമയ ക്രമീകരണങ്ങൾ വാൽസിംഹാമിലേക്ക് വരാനും തിരിച്ചുപോകാനുമുള്ള റൂട്ടുകളുടെ ക്രമീകരണങ്ങളടങ്ങിയ മാപ്പുകൾ തുടങ്ങിയവ പുറത്തിറക്കിയിട്ടുണ്ട്.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്