സ്വിസ് മലയാളിക്കുട്ടികൾ സാമൂഹ്യസേവന രംഗത്ത് മാതൃകയാകുന്നു
Friday, July 14, 2017 8:00 AM IST
സൂറിച്ച്: സ്വിസ് മലയാളികളുടെ സാമൂഹ്യ പ്രതിബദ്ധത എന്നും പ്രശംസനീയമാണ്. മലയാള ഭാഷയോടും മാതൃരാജ്യത്തോടും സ്വിസ് മലയാളികളും അവരുടെ കുട്ടികളും കാണിക്കുന്ന തീഷ്ണമായ ബന്ധവും വളരെയേറെ ശ്രദ്ധ നേടിയിട്ടുണ്ട്. മലയാള ഭാഷ ഇത്ര അനായാസം കൈകാര്യം ചെയ്യുന്ന ഒരു പ്രവാസി രണ്ടാം തലമുറ ഉള്ളത് സ്വിറ്റ്സർലാൻഡിൽ മാത്രം. അത് പോലെ തന്നെ മനുഷ്യസ്നേഹത്തിലും കാരുണ്യ പ്രവൃത്തിയിലും അവർ വീണ്ടും മാതൃക ആകുന്നു.

സ്വിറ്റ്സർലാന്‍റിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനായായ കേളിയുടെ രണ്ടാം തലമുറയിലെ കുട്ടികൾ നടത്തുന്ന പദ്ധതിയാണ് കിൻഡർ ഫോർ കിൻഡർ. പഠനത്തിൽ സമർത്ഥരായ കുട്ടികളെ കണ്ടെത്തി ഉന്നത വിദ്യാഭാസ സഹായപദ്ധതിയും കിൻഡർ ഫോർ കിൻഡർ പദ്ധതിയിലൂടെ പുതിയതായി കുട്ടികൾ ചെയ്യുന്നു.

സ്വിറ്റ്സർലന്‍റിൽ വളരുന്ന മലയാളി കുട്ടികൾ കൈകോർത്തപ്പോൾ ഒന്നരക്കോടി രൂപയുടെ പുണ്യമാണ് അവർക്ക് കേരളത്തിൽ ചെയ്യാനായത്. സ്വിസ് കുട്ടികൾ കേരളത്തിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ ദത്തെടുത്തു പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ പദ്ധതി കഴിഞ്ഞ പതിനൊന്നുവർഷമായി ഭംഗിയായി പ്രവർത്തിച്ചു വരുന്നു. മറ്റു മലയാളി സംഘടനകളുടെയും കുട്ടികളുടടെയും അകമഴിഞ്ഞ പിന്തുണയും ഈ പ്രോജക്ടിന് ലഭിച്ചു വരുന്നു.

എറണാകുളം രാജഗിരി കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ കേളിയുടെ സഹായധനം കൈമാറി. ആദ്യ ഗഡുവായ പതിനൊന്ന് ലക്ഷത്തിഎഴുപതിനായിരം രൂപയുടെ ചെക്ക് കിൻഡർ ഫോർ കിൻഡർ പ്രതിനിധികളായ മിഷേൽ പാലാത്രക്കടവിൽ , ബാബു കാട്ടുപാലം, പയസ് പാലാത്രക്കടവിൽ എന്നിവർ ചേർന്നു കൈമാറി. തൃക്കാക്കര എംഎൽഎ പി.റ്റി. തോമസ് ചെക്ക് സ്വീകരിച്ചു. പി.റ്റി. തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാജഗിരി പ്രോജക്ട് ഡയറക്ടർ മീന കുരുവിള സ്വാഗതവും ബാബു കാട്ടുപാലം കേളി പദ്ധതിയെക്കുറിച്ചും സംസാരിച്ചു. പയസ് പാലാത്രക്കടവിൽ ആശംസയും മരിയ ടെൻസി നന്ദിയും പറഞ്ഞു.

കേളിയുടെ സഹായം കൊണ്ട് പഠിച്ച് ഉന്നത വിദ്യാഭാസം നേടിയ കുട്ടികൾ നന്ദി പറഞ്ഞത് സ്വിസ് മലയാളി സംഘടനക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ആയിരുന്നു. പഠനത്തിൽ മിടുക്കരായ പ്രൊഫഷണൽ സ്കൂളുകളിലെ നിർധന കുട്ടികളെ പഠിക്കിപ്പുന്ന മൈക്രോ ക്രെഡിറ്റ് പദ്ധതി വഴി 25 കുട്ടികളെയാണ് ഈ വർഷം സഹായിച്ചത്. സദസിൽ കൂടിയിരുന്ന വിശിഷ്ടാതിഥികളും കേളി കുടുംബാംഗങ്ങളും രക്ഷിതാക്കളും ആത്മമഹർഷത്തോടെയാണ് കുട്ടികളുടെ നന്ദി പ്രകടനം ശ്രവിച്ചത്.

കേളി വർഷം തോറും നടത്തി വരുന്ന ഫണ്ട് റൈസിംഗ് പ്രോഗ്രാമുകളിലൂടെയും സുമനസ്സുകളായ സ്വിസ് മലയാളികളുടെ പിന്തുണയോടെയുമാണ് കഴിഞ്ഞ പതിനൊന്നുവർഷങ്ങളായി പദ്ധതി നടത്തി വരുന്നത്. ഈ വർഷം 325 കുട്ടികളെ പഠിപ്പിക്കുവാൻ കിൻഡർ ഫോർ കിൻഡർ പദ്ധതിയിലൂടെ സാധിച്ചുവെന്ന് കണ്‍വീനർ ദീപ സ്കറിയ അറിയിച്ചു. കൂടാതെ ഉന്നത വിദ്യാഭാസ സഹായ പദ്ധതിയിലൂടെ ഇരുപത്തിയഞ്ചു പ്രൊഫഷണൽ സ്കൂളിലെ വിദ്യാർത്ഥികളെയും സഹായിച്ചു. വർഷങ്ങളായി സഹായം നൽകി വരുന്ന എല്ലാ കാരുണ്യ മനസുകൾക്കും ദീപ നന്ദി അറിയിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ