വാൽസിംഹാം തിരുനാളിന് പാടി പ്രാർത്ഥിക്കാൻ പുതിയ മാത്യഭക്തിഗാനം; ശ്രവണമധുരമായ ഗാനമാലപിച്ചിരിക്കുന്നത് വിൽസണ്‍ പിറവം
Friday, July 14, 2017 7:57 AM IST
വാൽസിംഹാം: ഈ വർഷത്തെ വാൽസിംഹാം തിരുനാൾ ഈ ഞായറാഴ്ച നടക്കുന്പോൾ മാത്യഭക്തരുടെ ചുണ്ടുകൾക്ക് ഇന്പമേകാൻ അതിമനോഹരമായ പ്രാർത്ഥനാഗാനം.
'അമ്മേ കന്യകയേ അമലോത്ഭവയേ
ഇംഗ്ലണ്ടിൻ നസ്രത്താം
വാൽസിംഹാംമിൻ മാതാവേ' എന്നു തുടങ്ങുന്ന മനോഹരഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത് ഷൈജ ഷാജി(രചന), സോണി ജോണി(സംഗീതം), ജോഷി തോട്ടക്കര(ഓർക്കസ്ട്രേഷൻ), വിൽസണ്‍ പിറവം(ഗായകൻ), ഫാ. ടെറിൻ മുല്ലക്കര(നിർമാണം) എന്നിവർ ചേർന്നാണ്.

വാൽസിംഹാം മാതാവിന്‍റെ തിരുസ്വരൂപത്തിൽ ദൃശ്യമാകുന്ന കാര്യങ്ങൾ വർണ്ണിച്ചും ഹൃദയത്തിലുള്ള മാത്യഭക്തിയും സ്നേഹവും പ്രാർത്ഥനാരൂപത്തിലാക്കി മാറ്റിയുമാണ് ഷൈജ ഷാജി രചന നിർവഹിച്ചിരിക്കുന്നത്. ഭക്തിചൈതന്യം തുളന്പിനിൽക്കുന്ന സംഗീതവും അനുവാചകരെ പ്രാർത്ഥനാ ചൈതന്യത്തിലേക്ക് ഉയർത്തുന്ന പശ്ചാത്തലസംഗീതവും വിൽസണ്‍ പിറവത്തിന്‍റെ ഭാവാത്മകവുംശ്രുതിമധുരമായ ആലാപനവും ഈ ഗാനത്തെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നു.

വാൽസിംഹാം തിരുനാൾ ദിനത്തിൽ പ്രാർത്ഥനകളിലും പിന്നീട് മറ്റു കൂട്ടായ്മാ പ്രാർത്ഥനകളിലും പാടി പ്രാർത്ഥിക്കാൻ ഉപകരിക്കുന്ന രീതിയിലാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നതെന്ന് തിരുനാൾ സംഘാടകസമിതി കണ്‍വീനർ റവ. ഫാ. ടെറിൻ മുള്ളക്കര അറിയിച്ചു. മനോഹരമായ ദൃശ്യാവിഷ്കാരം ചേർന്ന ഗാനത്തിന്‍റെ വീഡിയോ കാണാം.

https://youtu.be/12z37xYN6AU

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്