ജർമൻ പ്രവാസി കർഷകശ്രീ പട്ടം: വിധിനിർണയം ജൂലൈ 17,18 തീയതികളിൽ
Friday, July 14, 2017 7:56 AM IST
കൊളോണ്‍: കൊളോണ്‍ കേരള സമാജം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജർമൻ പ്രവാസി കർഷശ്രീ പട്ടം വിധിനിർണയം ജൂലൈ 17,18 തീയതികളിൽ നടക്കും. സമാജത്തിന്‍റെ വ്യവസ്ഥകൾ അനുസരിച്ചുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന ഓരോ ചെറിയ അടുക്കളത്തോട്ടങ്ങളിലും നേരിട്ട് പോയി കണ്ടുള്ള വിലയിരുത്തലിലാണ് വിജയികളെ നിശ്ചയിക്കുന്നത്.

അഗ്രികൾച്ചറൽ എൻജിനീയറായ ജർമൻകാരൻ യുർഗൻ ഹൈനെമാന്‍റെ നേതൃത്വത്തിൽ ഉല്ല ഹൈനെമാൻ, ജോസ് പുതുശേരി, സെബാസ്റ്റ്യൻ കോയിക്കര എന്നിവരടങ്ങുന്ന ജൂറിയാണ് വിധിനിർണയം നടത്തുക. ഏറ്റവും കൂടുതൽ പച്ചക്കറിച്ചെടികൾ (ഇൻഡ്യൻ, ജർമൻ), പലവ്യഞ്ജനങ്ങൾ, പഴവർഗങ്ങൾ, ചെറുമരങ്ങൾ, വിവിധയിനം കാഴ്ചച്ചെടികൾ, തോട്ടത്തിന്‍റെ അടുക്കും ചിട്ടയും, സസ്യാദികളുടെ ശുശ്രൂഷ, വളർച്ച എന്നിവ മാനദണ്ഡമാക്കിയാണ് മാർക്ക് നൽകുന്നത്.

ജർമൻ മലയാളികളിൽ കാർഷിക വാസന പ്രോത്സാഹിപ്പിക്കുന്നതിനാണ് കൊളോണ്‍ കേരള സമാജം മത്സരം സംഘടിപ്പിക്കുന്നത്. ജർമനിയിലേക്കു കുടിയേറിയ ഒന്നാം തലമുറ മലയാളികളിൽ ഒരു നല്ല ശതമാനം ഇപ്പോൾ ജോലിയിൽനിന്നു വിരമിച്ചു വിശ്രമജവിതം നയിക്കുന്ന സാഹചര്യത്തിൽ, ഇത്തരം സംരംഭങ്ങൾക്ക് വലിയ പ്രസക്തിയും പ്രോൽസാഹനവും വർദ്ധിച്ചുവരുന്നത് ജർമൻ മലയാളികളുടെ കാർഷിക സ്നേഹത്തെയാണ് വെളിപ്പെടുത്തുന്നത്. 34 വർഷത്തെ പ്രവർത്തന പാരന്പര്യമുള്ള കൊളോണ്‍ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ പത്താം തവണയാണ് കർഷകശ്രീ മൽസരം നടത്തുന്നത്.

ജോസ് പുതുശേരി(പ്രസിഡന്‍റ്), ഡേവീസ് വടക്കുംചേരി(ജനറൽ സെക്രട്ടറി), ഷീബ കല്ലറയ്ക്കൽ (ട്രഷറാർ), സെബാസ്റ്റ്യൻ കോയിക്കര (വൈസ് പ്രസിഡന്‍റ്),ജോസ് കുന്പിളുവേലിൽ(കൾച്ചറൽ സെക്രട്ടറി), പോൾ ചിറയത്ത്(സ്പോർട്സ് സെക്രട്ടറി), ജോസ് നെടുങ്ങാട് (ജോ.സെക്രട്ടറി) എന്നിവരാണ് നിലവിലെ ഭരണസമിതിയംഗങ്ങൾ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ