ബ്രിസ്റ്റോൾ എസ്ടിഎസ്എംസിസിയുടെ ദുക്റാന തിരുനാളും സണ്‍ഡേ സ്കൂളിന്‍റെ വാർഷികവും മാർ ജോസഫ് ജോസഫ് സ്രാന്പിക്കൽ പിതാവിന്‍റെ സാനിധ്യത്തിൽ
Friday, July 14, 2017 7:54 AM IST
ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ സീറോ മലബാർ സമൂഹങ്ങളിലൊന്നായ ബ്രിസ്റ്റോൾ സെന്‍റ് തോമസ് സീറോമലബാർ കാത്തലിക് ചർച്ചിൽ ആണ്ടുതോറും ആഘോഷപൂർവ്വം കൊണ്ടാടുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ഈ വർഷവും അത്യന്തം ഭക്തിനിർഭരമായി ജൂലൈ 14 ,15 ,16 തീയതികളിൽ ആഘോഷിക്കുന്നു.

ജൂലൈ 14 ന് വൈകുന്നേരം ആറരയ്ക്ക് ഫിഷ്പോണ്ട്സ് സെന്‍റ് ജോസഫ് ദേവാലയത്തിൽ വച്ചു തിരുനാളിനു കൊടിയേറും, രൂപം വെഞ്ചരിപ്പും നൊവേനയും ടഠടങഇഇ വികാരി റവ. ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടി യുടെ നേതൃത്വത്തിൽ നടത്തപ്പെടും. ആഘോഷമായ ദിവ്യബലിക്ക് ഫാ. സിറിൽ ഇടമന മുഖ്യകാർമ്മികത്വം വഹിക്കും. മുഖ്യ തിരുനാൾ ദിനമായ ജൂലൈ 15 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞു 1.15 ന് ഫിൽട്ടൻ സെന്‍റ് തെരേസാസ് ചർച്ചിൽ റവ. ഫാ. ജോയി വയലിൽ നയിക്കുന്ന നൊവേനയും റവ. ഫാ. ബിജു ചിറ്റുപറന്പന്‍റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടു കുർബാനയിൽ റവ. ഫാ. ജിമ്മി പുളിയ്ക്കക്കുന്നേൽ തിരുനാൾ സന്ദേശം നൽകും. റവ. ഫാ. ബെന്നി മരങ്ങോലിൽ എംഎസ്എഫ്എസ് , റവ. ഫാ. ജോസ് പൂവനിക്കുന്നേൽ സിഎസ്എസ്ആർ , റവ.ഫാ. സിറിൽ ഇടമന എന്നിവർ സഹകാർമ്മികരായിരിക്കും. വിശുദ്ധകുർബാനയ്ക്കുശേഷം ഭക്തിസാന്ദ്രമായ ലദീഞ്ഞും വി. തോമാശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചു മുത്തുക്കുട ഏന്തിയുള്ള പ്രദക്ഷിണവും ഉണ്ടാകും.

വൈകുന്നേരം നാലിന്് ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ 390 ഓളം കുട്ടികൾ വിശ്വാസ പരിശീലനം നേടുന്ന യുകെയിലെ ഏറ്റവും വലിയ സണ്‍ഡേ സ്കൂളിൽ ഒന്നായ സെന്‍റ്തോമസ് സീറോ മലബാർ സണ്‍ഡേ സ്കൂളിന്‍റെ വാർഷികം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ സൗത്ത് മീഡ് ഗ്രീൻ വേ സെന്‍ററിൽ അരങ്ങേറും. ഈ വർഷം സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍റെ അഭി. ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ പിതാവ് മുഖ്യാതിഥിയായിരിക്കും. കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നുണ്ടാകും.

ജൂലൈ 16ന് ഉച്ചതിരിഞ്ഞു രണ്ടിനു ഫിഷ്പോണ്ട്സ് സെന്‍റ്ജോസഫ് ദേവാലയത്തിൽ റവ. ഫാ. ജോയി വയലിലിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷിക്കുന്ന സുറിയാനി കുർബാന, മൂന്നാം ദിവസത്തെ ആഘോഷപരിപാടികൾക്ക് കൊഴുപ്പേകും. വിശുദ്ധരുടെ തിരുസ്വരൂപം വണങ്ങുന്നതിനും കഴുന്ന് എടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. അന്നേദിവസം പാച്ചോർ നേർച്ചയും സജ്ജമാക്കിയിട്ടുണ്ട്. വിശുദ്ധ തോമാശ്ലീഹായുടെ ധീര പ്രേഷിത ചൈതന്യത്തിൽ പങ്കാളികളാകുവാനും, നമ്മുടെ അമൂല്യമായ വിശ്വാസ പാരന്പര്യം കൃതജ്ഞതാപൂർവ്വം പ്രഘോഷിക്കുവാനും ദൈവമക്കളുടെ സ്നേഹകൂട്ടായ്മയിൽ സന്തോഷത്തോടെ പങ്കുചേരുവാനും സീറോ മലബാർ വികാരി റവ. ഫാ. പോൾ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ ലിജോ പടയാറ്റിൽ, പ്രസാദ് ജോണ്‍, ജോസ് മാത്യു, കമ്മിറ്റിയംഗങ്ങൾ
എന്നിവർ എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

റിപ്പോർട്ട്: സിസ്റ്റർ ലീന മേരി