കണിയാംപറമ്പില്‍ മേരി മാത്യു മെമ്മോറിയല്‍ അവാര്‍ഡ് ദാനവും ലൈഫ് കെയര്‍ പദ്ധതി ഉദ്ഘാടനവും നടന്നു
Tuesday, July 4, 2017 12:46 AM IST
ബ്രിസ്ബെയ്ന്‍: കണിയാംപറമ്പില്‍ മേരി മാത്യുവിന്‍റെ നാലാമത് അനുസ്മരണത്തോട് അനുബന്ധിച്ച് മേരി മാത്യു മെമ്മോറിയല്‍ ലൈഫ് കെയര്‍ പദ്ധതിയുടെ ഉദ്ഘാടനവും മേരി മാത്യു മെമ്മോറിയല്‍ അവാര്‍ഡ് വിതരണവും നടത്തി. ക്യൂന്‍സ്‌ലാന്‍റിലെ ബിലോയ്‌ല സെന്‍റ് ജോസഫ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങ് ബനാന ഷെയര്‍ കൗണ്‍സില്‍ മേയര്‍ സി.ആര്‍.നെവ് ജി ഫെറിയര്‍ ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മദര്‍ വിഷന്‍ ഡയറക്ടര്‍ ജോയ്.കെ.മാത്യു അധ്യക്ഷനായിരുന്നു. ആഗ്നസ് ജോയ് സ്വാഗതം പറഞ്ഞു. മേരി മാത്യു മെമ്മോറിയല്‍ ലൈഫ് കെയര്‍ പദ്ധതിയുടെ ഭാഗമായി ഭൂരഹിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം സൗജന്യമയി നല്‍കുന്ന പദ്ധതി ബനാന ഷെയര്‍ കൗണ്‍സിലര്‍ ഡേവിഡ് സ്നെല്‍ ഉദ്ഘാടനം ചെയ്തു.

മദര്‍ തെരേസയെക്കുറിച്ചുള്ള "ദ ഏയ്ഞ്ചല്‍ ഓഫ് ടെന്‍ഡര്‍നസ്' എന്ന ഡോക്യുമെന്‍ററിയുടെ ഡിവിഡി റോട്ടറി ഇന്‍റര്‍നാഷണല്‍ ക്ലബ് പ്രസിഡന്‍റ് ആന്‍റണ്‍ മുള്ളര്‍, ടി ആന്‍ഡ് എല്‍.കാറ്റില്‍ ഫാം എംഡി ടാം ലോറന്‍സിന് നല്‍കി പ്രകാശനം ചെയ്തു. കോല്‍ക്കത്തയില്‍ മദര്‍ തേരേസയേയും മദറിന്‍റെ ശുശ്രൂഷ കേന്ദ്രങ്ങളും സന്ദര്‍ശിച്ച അനുഭവങ്ങള്‍ പ്രതിപാദിച്ചുകൊണ്ട് ജോയ്.കെ.മാത്യു എഴുതി സംവിധാനം ചെയ്തതാണ് ഡോക്യുമെന്‍ററി.



ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സന്ദേശ ചലച്ചിത്ര നിര്‍മാണ-വിതരണ രംഗത്തും ശ്രദ്ധേയമായ വേള്‍ഡ് മദര്‍ വിഷന്‍റെ മൂന്നാമത് മേരി മാത്യു മെമ്മോറിയല്‍ അവാര്‍ഡുകള്‍ ഗേയ് ഫ്രെയ്സര്‍, ജോന്‍ കോണ്‍ ഫീല്‍ഡ്, വെന്‍ഡി സിഫ്റ്റ്, റോബിന്‍ ഷീഡി, ഇല്‍ഡിക്കോ ജോസന്‍ എന്നിവര്‍ക്ക് ക്യൂന്‍സ്‌ലാന്‍ഡ് സീനിയര്‍ പോലീസ് ഓഫീസര്‍ ടോം ഗാര്‍ഡിനെര്‍ വിതരണം ചെയ്തു. വ്യത്യസ്ത മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കാണ് പുരസ്കാരങ്ങള്‍.



ഓസ്ട്രേലിയന്‍ ചലച്ചിത്ര സംവിധായകന്‍ ലൂക്ക് ഗ്രഹം, അന്താരാഷ്ട്ര ബാസ്ക്കറ്റ് ബോള്‍ താരം ബ്ലയര്‍ സ്മിത്ത്, ക്യൂന്‍സ്‌ലാൻഡ് ചീഫ് പോലീസ് ഓഫീസര്‍ നിക്ക് പാറ്റണ്‍, സംഗീതജ്ഞനും ഇന്‍ഡോര്‍ ബോള്‍ താരവും നടനുമായ ജെഫ് ഡി. ജിറ്റ് എന്നിവര്‍ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു. തെരേസ ജോയ് നന്ദി പറഞ്ഞു. ചടങ്ങില്‍ ക്യൂന്‍സ്‌ലാൻഡിലെ കലാ, കായിക, സാഹിത്യ, മാധ്യമ, ആത്മീയ മേഖലകളിലെ നിരവധി പേര്‍ പങ്കെടുത്തു. വാലീസ് റീജൻ ക്യൂൻസ്‌ലാൻഡ് പാരീഷ് പുരോഹിതൻ ഫാ. തദേയൂസ് ലാസർ അനുസ്മരണ പ്രഭാഷണവും ഡെപ്യൂട്ടി മേയർ വാറൻ മിഡിൽടൺ മുഖ്യപ്രഭാഷണവും നടത്തി.