പതിനേഴാമത് പ്രോസി എക്സോട്ടിക് ഫെസ്റ്റിവലിന് ഗംഭീര സമാപനം
Tuesday, June 27, 2017 7:45 AM IST
വിയന്ന: സംസ്കാരങ്ങളുടെ സമ്മേളനവേദിയായി പ്രോസി എക്സോട്ടിക് ഫെസ്റ്റിവൽ. ആവേശം അലയടിച്ച ദ്വിദിന ഫെസ്റ്റിവലിൽ നിരവധി രാജ്യങ്ങളിൽ നിന്നുമായി 200 കലാകാരന്മാരുടെ പ്രകടനങ്ങളും ലൈവ് സംഗീതവും എണ്ണായിരത്തിലധികം കാണികളെ ആഹ്ലാദ കൊടുമുടിയേറ്റി.

രണ്ടു ദിവസങ്ങളായി സംഘടിപ്പിച്ച മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ വേദിയിലെത്തിച്ച കലാവിനോദ പാരിപാടികൾ കാണികളുടെ മനം കവർന്നു. ആഫ്രിക്കൻ അക്രോബാറ്റ്സ്, ഇന്ത്യൻ ക്ലാസിക്കൽ ബോളിവുഡ് നൃത്തനൃത്യങ്ങൾ, ബംഗാര, ബെല്ലി ഡാൻസ്, നേപ്പാൾ, ശ്രീലങ്ക, സെനഗൽ എന്നിവിടങ്ങളിൽ നിന്നുള്ള പരന്പരാഗത നൃത്തം, സാംബ നൃത്തം, മെക്സിക്കൻ ഡാൻസ്, ബംഗാളി ഡാൻസ്, ചൈനീസ് ഡാൻസ്, താഹിതി ഡാൻസ് തുടങ്ങിയ ഇനങ്ങൾ വേദിയെ വിസ്മയിപ്പിച്ചു.

മേളയുടെ അവസാന ദിനം നടന്ന ദി ജിപി മാജിക് ബൈ മോസ സിസിക് സംഗീതനിശ ഏറെ പ്രശംസ പിടിച്ചുപറ്റി. പ്രോസിയുടെ ഇന്ത്യൻ ഭക്ഷണശാലകൾക്ക് പുറമെ നൈജീരിയ, നമീബിയ, ജമൈക്ക, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണ പാനീയങ്ങൾ ഫെസ്റ്റിയവലിന്‍റെ പ്രത്യേക ആകർഷണമായിരുന്നു. വേദിയെ പ്രകന്പനം കൊള്ളിച്ച് സംഘടിപ്പിച്ച ബ്രസീലിന്‍റെ സാംബ ബാൻഡ് മേളം കാണികൾക്ക് കാഴ്ച്ചയുടെ പൂരം ഒരുക്കി.
||
പ്രവർത്തന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നവർക്ക് പ്രോസി ഗ്ലോബൽ ചാരിറ്റി ഫൗണ്ടേഷൻ വർഷങ്ങളായി നൽകി വരുന്ന എക്സലൻസ് അവാർഡ് ഈ വർഷം ഓസ്ട്രിയയിലെ പ്രമുഖ ബോക്സറും, ഡാൻസിംഗ് സ്റ്റാറുമായ ബിക്കോ ബോട്ടോവാമുങ്ങുയ്ക്ക് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നൽകി. ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ മയാനക് ശർമ്മ അംബാസിഡർക്കു വേണ്ടി അദ്ദേഹത്തിനു അവാർഡ് സമ്മാനിച്ചു.

സമ്മേളനത്തിന്‍റെ സമാപന ദിവസം നടന്ന പൊതുസമ്മേനത്തിൽ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. മേയർ തോമസ് ബ്ലിംലിംഗർ, ശബാബ് ബിൻ അഹമ്മദ് (ഹെഡ് ഓഫ് ചാൻസറി, ബംഗ്ലാദേശ് എംബസി), കേസാനീ പാലനുവോംഗ്സ് (ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ തായ്ലൻഡ് എംബസി), വൈദീകരയായ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി (എം.സി.സി വിയന്ന), ഫാ. സണ്ണി വെട്ടിക്കൽ (കെനിയ), ഫാ. ഡൊമിനിക്, ഫാ. വിൻസെന്‍റ് (ഇരുവരും ഓസ്ട്രിയ), ഇബുക്കൻ തലാബി (പ്രസിഡന്‍റ് പനാഫാ), മാരൻ (എം.ഡി വേഗൻ മാർക്കറ്റ്), ജെന്നിഫർ വൈഷ്നോയ് (അനാദി ബാങ്ക്) തുടങ്ങിയവരും രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ളവരും സമ്മേളനത്തിന്‍റെ ഭാഗമായി.

മേളയിൽ പങ്കെടുത്ത ഓരോ രാജ്യക്കാരുടെയും പൈതൃക കലകൾക്ക് എക്സോട്ടിക്ക് ഫെസ്റ്റിവൽ വേദിയാകുന്നതിൽ അഭിമാനമുണ്ടെന്നു അഭിപ്രായപ്പെട്ട പ്രോസി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോബി ആന്‍റണി