ജർമനിയെ വിറപ്പിച്ചു കൊടുങ്കാറ്റ്; രണ്ടു മരണം, ട്രെയിനുകൾ റദ്ദാക്കി
Friday, June 23, 2017 8:18 AM IST
ബർലിൻ: ഉഷ്ണ കൊടുങ്കാറ്റിന്‍റെ താണ്ഡവത്തിൽ ജർമനിയാകെ വിറച്ചു.
കൊടുങ്കാറ്റിനൊപ്പം കനത്ത മഴയും പെയ്തതോടെ ഗതാഗത സംവിധാനങ്ങളാകെ താറുമാറായി. വ്യാപകമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ട്രെയിൻ സർവീസുകൾ റദ്ദാക്കി. ബർലിൻ, ഹാംബുർഗ്, ബ്രെമൻ, കീൽ, ഹാനോവർ, സ്റ്റുട്ട്ഗാർട്ട് എന്നിവിടങ്ങളിൽ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.

യൂൽസെനടുത്ത് പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്കു മരം വീണ് അന്പതുകാരൻ മരിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും അപകടത്തിൽ പരക്കേറ്റു. സമീപത്തു തന്നെ മരം വീണു സൈക്കിൾ യാത്രക്കാരിക്കും പരുക്കേറ്റു. ഇതുവരെയായി രണ്ടു മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
||
പലയിടങ്ങളിലും റെയിൽവേ ട്രാക്കുകളിൽ മരം വീണു കിടക്കുകയാണ്. ബർലിനിലെ രണ്ടു വിമാനത്താവളങ്ങളിൽനിന്നും പുറത്തേക്കുള്ള വിമാന സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ഹാംബുർഗ് - ഹാനോവർ ഹൈവേയിൽ പലയിടങ്ങളിലും മരം വീണു കിടക്കുന്നു. ഇയാഴ്ചയിൽ 24 ഡിഗ്രി മുതൽ 36 ഡിഗ്രി സെൽഷ്യസിലെത്തിയ അന്തരീക്ഷതാപനിലയിൽ ചുട്ടുപൊള്ളിയ ജനത്തിന് മഴയെത്തിയത് ആശ്വാസമായെങ്കിലും കൊടുങ്കാറ്റ് നാശം വിതയ്ക്കുകയാണുണ്ടായത്. സാധാരണ നിലയിലേയ്ക്ക് ജനജീവിതം ഇപ്പോഴും എത്തിയിട്ടില്ല. ജർമനിയെ കൂടാതെ ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ എന്നീ രാജ്യങ്ങളിലും കനത്ത ചൂടിൽ പൊരിയുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ