തൃശൂർ ജില്ലാ കുടുംബസംഗമം ലിവർപൂളിൽ വർണാഭമായി
Friday, June 23, 2017 8:07 AM IST
ലിവർപൂൾ: ബ്രിട്ടനിലെ തൃശൂർ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ലിവർപൂളിലെ വിസ്റ്റനിലെ ടൗണ്‍ഹാളിൽ സംഘടിപ്പിച്ച നാലാമത് ജില്ലാ കുടുംബസംഗമം അവിസ്മരണീയമായി. ഇംഗ്ലണ്ടിന്‍റെ നോർത്തിൽ ആദ്യമായി കൊണ്ടുവന്ന ജില്ലാ സംഗമത്തിനെ നോർത്തിലെ തൃശൂർ ജില്ലക്കാർ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുകയാണുണ്ടായത്. നോർത്തിലെ ജില്ലാനിവാസികളുടെ നിർലോഭമായ സഹായങ്ങൾ കൊണ്ടും സഹകരണങ്ങൾ കൊണ്ടും വളരെ വർണാഭമായ ഒരു പരിപാടിയായി മാറ്റുവാൻ സംഘാടകർക്കു കഴിഞ്ഞു.

ഇംഗ്ലണ്ടിന്‍റെ നോർത്തിൽ സ്ഥിരതാമസക്കാരായ തൃശൂർ അതിരൂപതയിൽ നിന്നുള്ള വൈദികനായ ഫാ.ലോനപ്പൻ അരങ്ങാശേരിയും ഇരിങ്ങാലക്കുട രൂപതയിൽ നിന്നുള്ള വൈദികനായ ഫാ.ജിനോ അരീക്കാട്ടും ചേർന്ന് നാലാമത് കുടുംബസംഗമം നിലവിളക്കിൽ ദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. വിദേശരാജ്യത്ത് താമസിക്കുന്ന മലയാളികൾക്ക് ഇതുപോലുള്ള പ്രാദേശിക കൂട്ടായ്മകൾ അടുത്ത തലമുറയ്ക്ക് നമ്മുടെ നാടുമായുള്ള ബന്ധം ഉൗട്ടിയുറപ്പിക്കുന്നതിനു വളരെയേറെ സഹായിക്കുമെന്ന് ഫാ.ജിനോ അരീക്കാട്ട് പറഞ്ഞു. ബ്രിട്ടനിലെ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ പ്രസിഡന്‍റ് അഡ്വ.ജെയ്സണ്‍ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘടനയുടെ ട്രഷറർ സണ്ണി ജേക്കബ് സ്വാഗതവും ജനറൽ സെക്രട്ടറി ജീസണ്‍ പോൾ കടവി നന്ദിയും പറഞ്ഞു.

കുടുംബങ്ങൾ തമ്മിലുള്ള പരിചയപ്പെടലിനുശേഷം തൃശൂർ ജില്ലാ സൗഹൃദവേദി അംഗങ്ങളുടെ മക്കളുടെ കലാപരിപാടികൾ കാണികളിൽ ഇന്പവും ആനന്ദവും സൃഷ്ടിച്ചു. കീർത്തന തെരസ്സാ കുറ്റിക്കാട്ട് അവതരിപ്പിച്ച കീറ്റാർ വാദ്യോപകരണം കൊണ്ടുള്ള മലയാള ചലച്ചിത്രഗാനങ്ങൾ കാണികളെ സംഗീതസാഗരത്തിൽ കൊണ്ടുചെന്നെത്തിച്ചു. കാണികൾക്ക് സംഗീതത്തിന്‍റെ മാധുര്യം നൽകിയ ജോസഫ് ബിന്നിയും നൃത്തച്ചുവടുകളുമായി ജോ അന്ന ജീസനും പരിപാടികൾക്ക് കൊഴുപ്പേകി.
||
ഈ കുടുംബസംഗമം വൻവിജയമാക്കിത്തീർക്കുന്നതിന് പരിശ്രമിച്ച പ്രാദേശിക സംഘാടകനിരയുടെ നായകനും സംഘടനയുടെ ട്രഷററുമായ സണ്ണി ജേക്കബിന്‍റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. അതുപോലെ ഈ സംഗമത്തിന്‍റെ വിജയശില്പികളായിരുന്ന ഡോണ്‍ പോൾ, സ്വപ്ന സണ്ണി, ലിസ ജിജു എന്നിവരുടെ സഹായങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. അവതാരകനായ ബിനോയി ജോർജിന്‍റെയും അവതാരകയും കഴിഞ്ഞ ജില്ലാ സംഗമങ്ങളുടെ അണിയറ ശില്പിയുമായിരുന്ന ഷൈനി ജീസന്‍റെയും പ്രകടനങ്ങൾ കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി.

റാഫിൽ ടിക്കറ്റിന്‍റെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഫാ.ലോനപ്പൻ അരങ്ങാശേരിയും ഫാ.ജിനോ അരീക്കാട്ടും ചേർന്ന് സമ്മാനിച്ചു. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാനം സംഘടനയുടെ ഭാരവാഹികളും മെന്പർമാരും ചേർന്ന് നൽകി.

റിപ്പോർട്ട്: മധു ഷണ്‍മുഖം