സൂപ്പർസോണിക് വിമാനം കോണ്‍കോഡ് യാത്രയ്ക്കായി തിരികെ വരുന്നു
Wednesday, June 21, 2017 7:07 AM IST
ബർലിൻ: ശബ്ദത്തെക്കാൾ വേഗത്തിലുള്ള വിമാനയാത്ര പുനരാരംഭിക്കാൻ പദ്ധതി തയാറാകുന്നു. അഞ്ച് വർഷത്തിനുള്ളിൽ ഇത്തരത്തിലുള്ള പാസഞ്ചർ സർവീസ് ആരംഭിക്കാനാണ് ബൂം സൂപ്പർസോണിക് ഉദ്ദേശിക്കുന്നത്. അടുത്ത വർഷം ഇതിന്‍റെ പ്രോട്ടോടൈപ്പ് പരീക്ഷണവും പ്രതീക്ഷിക്കാം.

55 സീറ്റുള്ള വിമാനങ്ങളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അനുമതികൾ കൃത്യമായി ലഭിച്ചാൽ 2023ൽ സർവീസ് പുനരാരംഭിക്കും. അറ്റ്ലാന്‍റിക് സമുദ്രത്തിനു കുറുകെയായിരിക്കും ആദ്യ പറക്കൽ.

കോണ്‍കോർഡ് വിമാനങ്ങളാണ് മുൻപ് ശബ്ദത്തെക്കാൾ വേഗത്തിൽ യാത്രക്കാരുമായി പറന്നിരുന്നത്. പല പോരായ്മകൾ ഉണ്ടായിരുന്ന ഈ വിമാനങ്ങൾക്കു പകരമാണ് ബൂം വിമാനങ്ങൾ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

വിമാനത്തിന് ഇതിനകം 76 ഓർഡറുകൾ ലഭിച്ചു കഴിഞ്ഞതായി ബൂം അധികൃതർ അറിയിച്ചു. ബ്രിട്ടീഷ് ഫ്രഞ്ച് സംരംഭമായാണ് കോണ്‍കോർഡ് നിർമിച്ചത്. ഇതിൽ ഉപയോഗിച്ചിരുന്ന തരം എൻജിൻ ആയിരിക്കില്ല പുതിയതിൽ. പരിധിക്കു മുകളിൽ ശബ്ദമുണ്ടാക്കുന്നതും തീരെ ഇന്ധനക്ഷമം അല്ലാത്തതുമായിരുന്നു കോണ്‍കോർഡ് എൻജിൻ.

ബോയിങ്ങിലും എയർബസിലും ഉപയോഗിക്കുന്ന ടർബോഫാൻ എൻജിന്‍റെ മാതൃകയിലാണ് പുതിയൻ എൻജിൻ. ഇതുവഴി ശബ്ദം കുറയ്ക്കാനും ഇന്ധനക്ഷമത വർധിപ്പിക്കാനും സാധിക്കും. സാധാരണ വിമാനങ്ങളിലെ ബിസിനസ് ക്ലാസ് നിരക്കിൽ സർവീസ് നടത്താൻ സാധിക്കുമെന്നാണ് കന്പനി കണക്കുകൂട്ടുന്നത്. എന്നാൽ, കോണ്‍കോർഡിലെ ടിക്കറ്റ് നിരക്ക് ബിസിനസ് ക്ലാസ് നിരക്കിന്‍റെ മൂന്നു മടങ്ങായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ