കസേര കാക്കാൻ മേയ്ക്കു മുന്നിൽ 10 ദിവസം കൂടി
Monday, June 19, 2017 7:02 AM IST
ലണ്ടൻ: ബ്രിട്ടന്‍റെ പ്രധാനമന്ത്രിക്കസേര സുരക്ഷിതമാക്കാൻ തെരേസ മേയ്ക്കു മുന്നിൽ ഇനി ശേഷിക്കുന്നത് പത്തു ദിവസം മാത്രം. അവരെ പുറത്താക്കാൻ പാർട്ടി എംപിമാരിൽ ചിലർ പദ്ധതികളും ആസൂത്രണം ചെയ്തു തുടങ്ങി.

ബ്രെക്സിറ്റ് ചർച്ചകൾ സംബന്ധിച്ചും, ഗ്രെൻഫെൽ തീപിടിത്തം നേരിടുന്നതിൽ സർക്കാരിനു സംഭവിച്ച വീഴ്ച സംബന്ധിച്ചും ക്യാബിനറ്റിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങളാണ് നിലനിൽക്കുന്നത്. വാരാന്ത്യത്തോടെ തെരേസയ്ക്ക് പകരം മറ്റൊരു നേതാവിനെ ഉയർത്തിക്കാട്ടാനുള്ള തയാറെടുപ്പിലാണ് എതിർ വിഭാഗം.

ഗ്രെൻഫെൽ തീപിടിത്തം നേരിടുന്നതിൽ സംഭവിച്ച വീഴ്ചകൾക്ക് തെരേസ കഴിഞ്ഞ ദിവസം മാപ്പു ചോദിച്ചിരുന്നു. ഇതിനു പിന്നാലെ സർക്കാരിനെതിരേ ശക്തമായ കടന്നാക്രമണവുമായി പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ രംഗത്തെത്തിയപ്പോൾ പ്രതിരോധിക്കാൻ പാർട്ടിക്കു സാധിക്കാതെയും വന്നു.

പാർലമെന്‍റിൽ സർക്കാരിന്‍റെ ഭൂരിപക്ഷം കുറഞ്ഞതോടെ ബ്രെക്സിറ്റ് തീരുമാനങ്ങൾ ബ്രിട്ടന് അത്ര അനുകൂലമായി വരില്ലെന്ന ആശങ്കയും ഭരണപക്ഷ എംപിമാർക്കിടയിൽ ശക്തമാണ്. ദുർബലമായ നേതൃത്വമായിരിക്കും തെരേസയുടേത് എന്ന വിലയിരുത്തലാണ് അവർക്കുള്ളത്.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ