അമ്മയുടെ ത്യാഗത്തിന് നന്ദിനിയുടെ സമർപ്പണം
Tuesday, June 6, 2017 1:13 AM IST
ബംഗളൂരു: സിവിൽ സർവീസ് ഒന്നാം റാങ്ക് കർണാടകയിലേക്ക് കൊണ്ടുവന്ന കോലാർ സ്വദേശിനി കെ.ആർ. നന്ദിനിയുടെ വിജയത്തിനു പിന്നിൽ ഒരു അമ്മയുടെ ത്യാഗം കൂടിയുണ്ടായിരുന്നു. മകളുടെ സിവിൽ സർവീസ് മോഹം തിരിച്ചറിഞ്ഞ സ്കൂൾ ടീച്ചറായിരുന്ന കെ.വി. വിമല അവൾക്ക് വഴികാട്ടിയാകാൻ തൻറെ ജോലി ഉപേക്ഷിക്കുകയാണുണ്ടായത്. എല്ലാ ഘട്ടത്തിലും മകൾക്കൊപ്പമുണ്ടായിരുന്ന വിമല മാർഗനിർദേശം നല്കി നന്ദിനിയെ പരീക്ഷയ്ക്ക് ഒരുക്കി. തൻറെ വിജയത്തിൻറെ എല്ലാ ക്രെഡിറ്റും നന്ദിനി അമ്മയ്ക്കാണ് നല്കുന്നത്. ചെറുപ്പം മുതലുള്ള നന്ദിനിയുടെ ആത്മസമർപ്പണവും കഠിനപരിശ്രമവും അറിയാവുന്ന തനിക്ക് അവൾ ഒന്നാമതെത്തുമെന്നത് ഉറപ്പായിരുന്നുവെന്ന് പിതാവ് കെ.വി. രമേഷ് പ്രതികരിച്ചു.

സിവിൽ സർവീസ് റാങ്കായിരുന്നു ലക്ഷ്യം, ആ ആഗ്രഹം പൂർത്തിയായി. ഇന്ത്യൻ ഫോറിൻ സർവീസിനേക്കാളുപരി ഐഎഎസ് സ്വീകരിക്കാനാണ് തനിക്ക് ആഗ്രഹമെന്നും നന്ദിനി പറയുന്നു. തനിക്ക് ഇന്ത്യയിലെ ജനങ്ങളെ സേവിക്കണമെന്നും അതിനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നും നന്ദിനി പറഞ്ഞു. നിലവിൽ ഹരിയാനയിൽ ഇന്ത്യൻ റവന്യൂ സർവീസിൽ ഉദ്യോഗസ്ഥയാണ് നന്ദിനി.

കോലാർ ജില്ലയിലെ കെംബോഡി ഗ്രാമത്തിൽ നിന്നുള്ള അധ്യാപകദന്പതികളായ കെ.വി. രമേഷിൻറെയും കെ.വി. വിമലയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് നന്ദിനി. സഹോദരൻ തരുണ്‍ പട്ടേൽ ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി വിദ്യാർഥിയാണ്.

കോലാറിലെ സർക്കാർ സ്കൂളായ തിമ്മയ്യ വിദ്യാലയയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നന്ദിനി ബംഗളൂരുവിലെ എം.എസ്. രാമയ്യ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് സിവിൽ എൻജിനിയറിംഗ് പാസായത്. അഞ്ചാം ക്ലാസുമുതൽ ഐഎഎസ് മോഹം മനസിൽ കൊണ്ടുനടന്ന നന്ദിനി നാലാം ശ്രമത്തിൽ ഒന്നാം റാങ്കോടെ അത് സ്വന്തമാക്കുകയായിരുന്നു.