തീവ്രവാദത്തിനു പ്രചാരണായുധം നൽകുന്ന സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കണം: തെരേസ മേ
Saturday, May 27, 2017 8:34 AM IST
ലണ്ടൻ: തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു വേദിയൊരുക്കുന്ന സമൂഹ മാധ്യമങ്ങളെ കർക്കശമായി നിയന്ത്രിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ലോക നേതാക്കളോട് ആഹ്വാനം ചെയ്തു. ഇസ് ലാമിക് സ്റ്റേറ്റ് ഭീകര സംഘടന യുദ്ധക്കളങ്ങളിൽനിന്ന് സൈബർ ഇടങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തെരേസയുടെ ആഹ്വാനം.

തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും ഭീകര പ്രവർത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റിംഗുകൾ തടയാമെന്ന് സമൂഹ മാധ്യമ രംഗത്ത വന്പൻമാർ നേരത്തെ ബ്രിട്ടന് ഉറപ്പു കൊടുത്തിരുന്നതാണ്. അവർ ഇതു പാലിക്കാത്തതാണ് തെരേസയെ പ്രകോപിതയാക്കിയതെന്നാണ് സൂചന.

ഇത്തരം പോസ്റ്റുകൾ കണ്ടെത്താനും നീക്കം ചെയ്യാനും കന്പനികൾ പറയുന്നത്ര ബുദ്ധിമുട്ടൊന്നുമില്ലെന്നും തെളിയിക്കപ്പെട്ടിരുന്നു. തെരേസയെ അനുകൂലിക്കുന്ന നിലപാടാണ് ഇക്കാര്യത്തിൽ മറ്റു ജി 7 നേതാക്കളും സ്വീകരിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള തീവ്രവാദ പ്രചരണത്തിനെതിരേ ശക്തമായ നടപടി വേണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ