ഇന്ത്യൻ സമൂഹം കേവലാർ തീർത്ഥാടനം നടത്തി
Friday, May 26, 2017 7:49 AM IST
കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ആണ്ടുതോറും സംഘടിപ്പിക്കുന്ന കേവലാർ തീർത്ഥാടനം ഈ വർഷത്തെ സ്വർഗ്ഗാരോഹണ ദിനമായ മേയ് 25 ന് നടന്നു. രാവിലെ ഒൻപതിനു കൊളോണ്‍ മ്യൂൾഹൈമിൽ നിന്നും പ്രത്യേകം ബസിലാണ് സംഘം മധ്യജർമനിയിലെ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമായ കേവലാറിലേയ്ക്കു യാത്രയായത്.

കേവലാറിലെത്തിയ സംഘം 11.30 ന് ബൈഷ്ട് കപ്പേളയിൽ ആഘോഷമായ ദിവ്യബലിയിൽ പങ്കുകൊണ്ടു. ഇന്ത്യൻ കമ്യൂണിറ്റി ചാപ്ലെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ദിവ്യബലിയിൽ കാർമ്മികരായി. സ്വർഗ്ഗാരോഹണദിനം ജർമനിയിൽ പിതൃദിനമായും ആചരിയ്ക്കുന്നുണ്ട്. വചനസന്ദേശം നൽകിയ ഇഗ്നേഷ്യസച്ചൻ എല്ലാ പിതാക്കമ്മാർക്കും ആശംസകൾ നേർന്നു. ഇൻഡ്യൻ കമ്യൂണിറ്റി യൂത്ത് കൊയറും സിസ്റ്റേഴ്സും ചേർന്ന് ഗാനങ്ങൾ ആലപിച്ചു.

ഉച്ചവിശ്രമത്തിനു ശേഷം മൂന്നുമണിയ്ക്ക് മെഴുകുതിരി കപ്പേളയിൽ ഒത്തുകൂടി പരിശുദ്ധാത്മാതാവിന്‍റെ നിറവിനായുള്ള പ്രാർത്ഥനകളും വചനചിന്തകളും പങ്കുവെച്ചു. പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയ ഇഗ്നേഷ്യസച്ചൻ സമാപനാശീർവാദം നൽകി. കാപ്പിയും ലഘു ഭക്ഷണത്തെയും തുടർന്ന് വൈകുന്നേരം നാലരയോടുകൂടി പരിപാടികൾ സമാപിച്ചു. കൊളോണിൽ നിന്നുള്ള ബസ് യാത്രികരെ കൂടാതെ ജർമനിയുടെ നിരവധി ഭാഗങ്ങളിൽ നിന്നും കമ്യൂണിറ്റിയിലെ ധാരാളം പേർ കർമ്മങ്ങളിൽ പങ്കെടുക്കാൻ കേവലാറിൽ എത്തിയിരുന്നു. കമ്യൂണിറ്റി കോർഡിനേഷൻ കമ്മറ്റി കണ്‍വീനർ ഡേവീസ് വടക്കുംചേരി ഉൾപ്പടെയുള്ളവർ തീർത്ഥാടനത്തിന് സഹായങ്ങൾ ചെയ്തു. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നും നിരവധി മരിയഭക്തർ കേവലാറിൽ സന്ദർശനം നടത്തുന്നുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ